വൈക്കം: വേമ്പനാട്ടുകായൽ കൈകാലുകൾ ബന്ധിച്ചു നീന്തിക്കടന്ന് വേൾഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി ഏഴാം ക്ലാസുകാരൻ. കോതമംഗലം ഇഞ്ഞൂർ കിഴക്കേകാലായിൽ ക്രിസ് ഉല്ലാസാണ് ഇന്നലെ രാവിലെ എട്ടിന് ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽനിന്ന് കോട്ടയം ജില്ലയിലെ വൈക്കം കായലോര ബീച്ചിലേക്കു നീന്തിക്കയറിയത്.
കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബ് പരിശീലകൻ ബിജു തങ്കപ്പന്റെ നേതൃത്വത്തിലാണ് ക്രിസ് ഉല്ലാസ് നീന്തൽ അഭ്യസിച്ചത്. ഒന്നരവർഷത്തിനുള്ളിൽ ബിജു തങ്കപ്പൻ നീന്തൽ അഭ്യസിപ്പിച്ച ഏഴാമത്തെ കുട്ടിയാണ് വേമ്പനാട്ടുകായൽ നീന്തിക്കടന്നത്. സി.കെ. ആശ എംഎൽഎ, നഗരസഭ ചെയർപേഴ്സൺ രാധിക ശ്യാം, വൈസ് ചെയർമാൻ പി.ടി. സുഭാഷ്, രത്നശ്രീ അയ്യർ തുടങ്ങിയവർ ക്രിസ് ഉല്ലാസിന് ഉപഹാരം നൽകി അനുമോദിച്ചു. പ്രോഗ്രാം കോ ഓഡിനേറ്റർ ഷിഹാബ് കെ. സൈനു, പരിശീലകൻ ബിജു തങ്കപ്പൻ തുടങ്ങിയവർ സംബന്ധിച്ചു.
കൈകാലുകൾ ബന്ധിച്ചു വേമ്പനാട്ടുകായൽ നീന്തി കടന്ന് ഏഴാം ക്ലാസുകാരൻ
12:34 AM Mar 26, 2023 | Deepika.com