കിടങ്ങൂര്‍: ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം പദ്ധതി പ്രകാരമുള്ള 15-ാം സ്നേഹവീടിന്റെ താക്കോല്‍സമര്‍പ്പണം കിടങ്ങൂര്‍ പഞ്ചായത്തിലെ കിടങ്ങൂര്‍ സൗത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് നടത്തപ്പെടും. മോന്‍സ് ജോസഫ് എംഎല്‍എ താക്കോല്‍സമര്‍പ്പണം നടത്തും. ഡോ.എം.കെ. ലൂക്കാ അധ്യക്ഷത വഹിക്കും. കിടങ്ങൂര്‍ പഞ്ചായത്തില്‍ സ്നേഹദീപം പദ്ധതിയില്‍ നിര്‍മിച്ച രണ്ടാമത്തെ വീടാണിത്. കിടങ്ങൂര്‍ പഞ്ചായത്തിലെ മൂന്നാമത്തെ സ്നേഹവീടിന്റെ നിര്‍മാണം ചെമ്പിളാവിലും നാലാം സ്നേഹവീടിന്റെ നിര്‍മാണം കിടങ്ങൂര്‍ എൻജിനിയറിംഗ് കോളജിനു സമീപവും അഞ്ചാം സ്നേഹവീടിന്റെ നിര്‍മാണം പടിഞ്ഞാറേകൂടല്ലൂരും പൂര്‍ത്തീകരിച്ചുവരുന്നു. കൂടല്ലൂര്‍ തയ്യില്‍ കുടുംബാംഗങ്ങള്‍ സംഭാവന നല്കിയ സ്ഥലത്ത് നിര്‍മിക്കുന്ന ആറാം സ്നേഹവീടിന്റെ നിര്‍മാണം കിഴക്കേ കൂടല്ലൂരും ആരംഭിച്ചിട്ടുണ്ട്.
സ്നേഹദീപം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് അഞ്ചു മാസം പിന്നിട്ട കിടങ്ങൂരില്‍ നിര്‍മിക്കുന്ന വീടുകള്‍ക്കായി 300 പേരുടെ വാട്സാപ്പ് കൂട്ടായ്മയാണ് നിലവിലുള്ളത്. ഈ കൂട്ടായ്മയിലുള്ള അംഗങ്ങള്‍ പ്രതിമാസം നല്കുന്ന ആയിരം രൂപ വീതമുള്ള തുകയ്ക്കൊപ്പം ബ്രില്യന്റ് ഡയറക്ടര്‍ സന്തോഷ് കുമാര്‍ ബി., ബിസിഎം കോളജ് മുന്‍ അധ്യാപകന് പ്രഫ. എം.കെ. ലൂക്കാ എന്നിവര്‍ ഓരോ വീടുകൾ നിര്‍മിക്കുന്നതിനാവശ്യമായ മുഴുവന്‍ തുക വീതവും നല്കി. കൂടല്ലൂര്‍ തയ്യില്‍ കുടുംബാംഗങ്ങള്‍ രണ്ടു വീട് നിര്‍മിക്കുന്നതിനുള്ള സ്ഥലവും രണ്ടു വീടുകളുടെ നിര്‍മാണത്തിനുള്ള എട്ടു ലക്ഷം രൂപയും നല്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
17 അംഗ സമിതിയുടെ നേതൃത്വത്തിലാണ് കിടങ്ങൂരില്‍ സ്നേഹദീപം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഓരോ വീടിന്റെയും നിര്‍മാണത്തിനായി രൂപീകരിക്കുന്ന സബ്കമ്മറ്റിയുടെ ഉത്തരവാദിത്വത്തിലാണ് വീടു നിര്‍മാണം നടത്തുന്നത്.
അടുത്ത ഡിസംബറിനു മുമ്പ് കിടങ്ങൂര്‍ പഞ്ചായത്തില്‍ 20 വീടുകളെങ്കിലും നിര്‍മിക്കുകയാണ് ലക്ഷ്യമെന്നു സ്നേഹദീപം സൊസൈറ്റി പ്രസിഡന്റ് പ്രഫ.ഡോ. മേഴ്സി ജോണ്‍, സെക്രട്ടറി ഗിരീഷ്കുമാര്‍ ഇലവുങ്കല്‍, ട്രഷറര്‍ എം. ദിലീപ് കുമാര്‍ എന്നിവര്‍ പറഞ്ഞു.
സ്നേഹദീപം സ്നേഹവീടിന്റെ താക്കോല്‍സമര്‍പ്പണം ഇന്ന്
12:34 AM Mar 26, 2023 | Deepika.com