കോട്ടയം: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ജീവന്റെ പരിപോഷകരും സംരക്ഷകരുമായി മാറുവാന്‍ സാധിക്കുമെന്ന് കോട്ടയം ആർച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്. ലഹരി മുക്ത സമൂഹ നിര്‍മിതിയോടൊപ്പം യുവതലമുറയ്ക്കു കരുതല്‍ ഒരുക്കുന്നതിനുമായി ഭാരത കത്തോലിക്കാ മെത്രാന് സമിതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെയും കെസിബിസിയുടെയും കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിഭാവനം ചെയ്ത് കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സജീവം ലഹരി വിരുദ്ധ കാമ്പയിന്റെ കോട്ടയം അതിരൂപതാതല ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നിര്‍വഹിച്ചു പ്രസംഗികയായിരുന്നു അദ്ദേഹം. അതിരൂപത ടെമ്പറന്‍സ് കമ്മീഷന് ചെയര്മാന് ഫാ. മാത്യു കുഴിപ്പള്ളിയില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം നാര്‍ക്കോട്ടിക് ഡിവൈഎസ്പി സി. ജോണ്‍ വിശിഷ്ഠാതിഥിയായി പങ്കെടുത്തു.
കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കെസിസി പ്രസിഡന്റ് പി.എ ബാബു പറമ്പേടത്ത്മലയില്‍, അതിരൂപത ഫാമിലി കാറ്റിക്കിസം കമ്മീഷന് ചെയര്മാന് ഫാ. ബ്രസന്‍ ഒഴുങ്ങാലില്‍, സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി പ്രസിഡന്റ് ടോം തോമസ് നന്ദികുന്നേല്‍, ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന് ഇടയ്ക്കാട്ട് ഫൊറോനാ പ്രസിഡന്റ് ജെയ്സി വെള്ളാപ്പള്ളിയില്‍, സജീവം പദ്ധതി സ്റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ ആല്ബിന് ജോസ് എന്നിവര്‍ പ്രംസഗിച്ചു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തപ്പെട്ടു.
പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും മതാധ്യാപകര്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും അവബോധം നല്‍കിക്കൊണ്ട് ലഹരിവിരുദ്ധ ടാസ്ക്ഫോഴ്സിനു രൂപം നല്കുവാനും ലക്ഷ്യമിടുന്നു.
സോഷ്യല്‍ ആക്ഷന്‍, ടെമ്പറന്‍സ്, ഫാമിലി കാറ്റിക്കിസം, യൂത്ത് എജ്യുക്കേഷന്‍, മീഡിയ കമ്മീഷനുകളുടെയും കെസിസി, കെസിഡബ്ല്യുഎ, സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി, കെഎസ്എസ്എസ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെയും പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക.
"സജീവം' ലഹരി വിരുദ്ധ കാമ്പയിനുമായി കോട്ടയം അതിരൂപത
12:31 AM Mar 26, 2023 | Deepika.com