പാമ്പാടി : ഫോട്ടോ കണ്ട് ഒറ്റനോട്ടത്തിൽ വേസ്റ്റ് കുഴിയാണെന്നു തോന്നിയാൽ നിങ്ങൾക്ക് തെറ്റി. ഇത് പാമ്പാടി കാളച്ചന്തയിൽ വിമലാംബിക സ്കൂളിന് എതിർവശത്തെ തോടാണ്. നാട്ടിലെ സകല മാലിന്യവും പേറുന്ന ഈ തോടിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. കുട്ടികളുടെ നാപ്കിൻ മുതൽ, മൃഗങ്ങളുടെ വേസ്റ്റ് വരെയാണ് ഈ തോട്ടിൽ. മാലിന്യം ഉറവിടത്തിൽ സംസ്കരിക്കണമെന്ന് നാഴികയ്ക്ക് നാല്പതു വട്ടം പറയുന്ന അധികാരികളുടെ മൂക്കിൽതുമ്പിലാണ് ഇത്തരത്തിൽ ഒരു അവസ്ഥ എന്നത് കൗതുകമാണ്. കഴിഞ്ഞമാസം പാമ്പാടിയിലെ ഒരു ഹോട്ടലിന്റെ വേസ്റ്റ് ടാങ്ക് പൊട്ടി മലിനജലം തോട്ടിലേക്ക് ഒഴുകിയിരുന്നു.
ഇപ്പോൾ തോടിന്റെ അതിഭീകരമായ മലിനീകരണം മൂലം ചുറ്റുവട്ടത്തിലുള്ള കിണറുകളിലെ വെള്ളം കൂടി ഉപയോഗശൂന്യമാകുന്ന അവസ്ഥയിലെത്തി നിൽക്കുകയാണ്. കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന സമയത്ത് തോടിന്റെ ഈ അവസ്ഥ ജനങ്ങളിൽ ഭീതി ഉയർത്തുന്നു. അടിയന്തരമായി പഞ്ചായത്തും ആരോഗ്യവകുപ്പും ഇടപെടണമെന്നാണ് നാട്ടുകാടെ ആവശ്യം.
തോട്ടിൽ മാലിന്യം തള്ളുന്നു
12:30 AM Mar 26, 2023 | Deepika.com