ഏറ്റുമാനൂർ: മഹാദേവ ക്ഷേത്രത്തിലെ ഉപദേശക സമിതി തെരഞ്ഞെടുപ്പ് ഇന്നു നടക്കും. തെരഞ്ഞെടുപ്പിനായി രൂപീകരിച്ച രജിസ്റ്റേർഡ് മണ്ഡല പാെതുയോഗം ഇന്ന് രാവിലെ 10ന് ശ്രീകെെലാസ് ഓഡിറ്റോറിയത്തിൽ ആരംഭിക്കും.
ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് നിയമാനുസൃത തെരഞ്ഞെടുപ്പ് നടത്തുന്നത്. നിയമാനുസൃതമല്ലാതിരുന്ന മുൻ ഉപദേശക സമിതി പിരിച്ചുവിട്ടുകൊണ്ട് കോടതി പുതിയ തെരഞ്ഞെടുപ്പിന് ഉത്തരവിടുകയായിരുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുപ്പു നടത്തണമെന്നാണ് നിർദേശം.
രജിസ്റ്റേർഡ് മണ്ഡല അംഗത്വത്തിന് അപേക്ഷ നൽകിയ 700പേരിൽ ആക്ഷേപം ഉയർന്നതിനെ തുടർന്നു 17 പേരെ മാറ്റിനിർത്തി 683 പേരുടെ അന്തിമപട്ടിക പുറത്തിറക്കിയിരുന്നു. ഒഴിവാക്കപ്പെട്ടവരിൽ മൂന്നുപേർ ഹൈക്കോടതിയെ സമീപിച്ച് അംഗത്വം നേടി. 686 പേരാണ് നിലവിൽ പട്ടികയിലുള്ളത്.
ക്ഷേത്രത്തിന്റെ അഞ്ചുകിലോമീറ്റർ ചുറ്റളവിൽ താമസക്കാരായ പോലീസ് കേസുകളിൽ ഉൾപ്പെടാത്ത ഭക്തർക്കാണ് അംഗത്വം നൽകിയത്. 13 അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്. ഇവർ ചേർന്ന് പ്രസിഡന്റിനെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കും. ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ഉപദേശക സമിതിയിൽ അംഗങ്ങളായിരിക്കും.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉപദേശക സമിതി തെരഞ്ഞെടുപ്പ് ഇന്ന്
12:30 AM Mar 26, 2023 | Deepika.com