എരുമേലി: ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവള നിർമാണ പദ്ധതിയുടെ ഭാഗമായി സർക്കാർ നിർദേശപ്രകാരം ഭൂമി ഏറ്റെടുക്കലിനുള്ള സർവേയോട് സഹകരിക്കണമെന്ന് നിർദേശിച്ച് റവന്യു ഉദ്യോഗസ്ഥർ നോട്ടീസുകൾ പതിച്ചു.
1961ലെ കേരള സർവേയും അതിർത്തിയും സംബന്ധിച്ച് 6(1) വകുപ്പ് പ്രകാരമാണ് നോട്ടീസ്. കോട്ടയം ലാൻഡ് അക്വിസിഷൻ ജനറൽ വിഭാഗം സ്പെഷൽ തഹസീൽദാരാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
പദ്ധതി നിർമാണ സ്ഥലമായ ചെറുവള്ളി എസ്റ്റേറ്റിലും അനുബന്ധ സ്വകാര്യ ഭൂമികളിലുമാണ് നോട്ടീസ് പതിക്കൽ ആരംഭിച്ചിരിക്കുന്നത്. നിലവിൽ പദ്ധതിയുടെ സാമൂഹിക ആഘാത പഠനം പുരോഗമിക്കുകയാണ്. നേരത്തെ എസ്റ്റേറ്റും അനുബന്ധ പ്രദേശങ്ങളും ഏറ്റെടുക്കുന്ന നടപടികളുടെ തുടക്കമായി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിൽ ഏറ്റെടുക്കാനുള്ള സ്ഥലങ്ങളുടെ സർവേ നമ്പർ ഉൾപ്പെടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇത് പ്രകാരമുള്ള സർവേ നമ്പരുകളുടെ ഭൂമിയിലാണ് നോട്ടീസ് പതിക്കൽ ആരംഭിച്ചിരിക്കുന്നത്.
ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടിയുള്ള സാമൂഹിക ആഘാത പഠനത്തിന്റെ സർവേ വേണ്ടിവരുന്ന ഭാഗത്തെ മരങ്ങളും തടസങ്ങളും നീക്കുന്നതിന് സഹകരിക്കണമെന്നാണ് നോട്ടീസിൽ നിർദേശിച്ചിട്ടുള്ളത്.
റീസർവേ ചെയ്യപ്പെട്ട സ്ഥലങ്ങളുടെയും അതിർത്തികൾ പരിശോധിച്ച് സർവേ നടത്തുമെന്ന് റവന്യു ഉദ്യോഗസ്ഥർ പറഞ്ഞു. ഏറ്റെടുക്കാനുള്ള സ്ഥലങ്ങളുടെ ഉടമകളോട് ഔദ്യോഗികമായി വിവരം അറിയിക്കുന്നതോടൊപ്പം അതിരുകൾ കാണിച്ചു നൽകുന്നതിനും രേഖകൾ ഹാജരാക്കുന്നതിനും വേണ്ടിയാണ് നോട്ടീസ് പതിച്ചിരിക്കുന്നത്.
വിമാനത്താവളം: സ്ഥലം ഏറ്റെടുക്കലിന് റവന്യു നോട്ടീസുകൾ പതിച്ചു
12:28 AM Mar 26, 2023 | Deepika.com