കാക്കനാട് : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾക്കു ശക്തി പകരുന്ന പ്രവർത്തനങ്ങളാണ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2022-2023 വർഷത്തിൽ ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. ഫർണിച്ചർ നൽകൽ, കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് പ്രത്യേക പരിശീലനം, പെൺകുട്ടികൾക്ക് വ്യായാമം അഭ്യസിക്കുന്നതിനായി ഷീ ജിം, വർണ വസന്തം, പെൺകുട്ടികൾക്ക് തായ്കോണ്ടോ പരിശീലനം, ദുരന്തങ്ങളെ പ്രതിരോധിക്കാൻ വിദ്യാർഥികൾക്ക് പരിശീലനം തുടങ്ങിയ പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ ഉമ തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു ഐ.എ.എസ് മുഖ്യ പ്രഭാഷണം നടത്തി. സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി. ദലീന സാക്ഷരത പഠിതാക്കളെ ആദരിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ് സനിതാ റഹീം, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ജെ. ജോമി, ആശ സനിൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹൻ, ഷൈനി ജോർജ്, എ.എസ്. അനിൽകുമാർ, മനോജ് മൂത്തേടൻ എന്നിവർ പ്രസംഗിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടേത് പൊതുവിദ്യാഭ്യാസത്തിന് ശക്തി പകരുന്ന പ്രവർത്തനങ്ങൾ: മന്ത്രി
12:17 AM Mar 26, 2023 | Deepika.com