ശാന്തിനഗർ: മലയോരത്തെ നാട്ടുവഴിയിൽ വെളിച്ചം പകരുന്ന സേവനം തുടരുന്നതിനിടെ അകാല ചരമം പ്രാപിച്ച വഴിവിളക്കിന് നാട്ടുകാരുടെ വക ആദരാഞ്ജലി ! വഴിവിളക്കിന്റെ തൂണിൽ നാട്ടുകാർ കെട്ടിവച്ചിട്ടുള്ള ബാനറിൽ ഒന്നാം ചരമവാർഷികം എന്നാണ് തലവാചകം. ഒരു റീത്തിന്റെ ചിത്രത്തോടൊപ്പം അകാലത്തിൽ പൊലിഞ്ഞു പോയ ഞങ്ങളുടെ വഴിവിളക്കിന് ആദരാഞ്ജലികൾ എന്നും എഴുതിയിരിക്കുന്നു.
പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡായ ശാന്തിനഗറിൽ ഏതാനും വർഷങ്ങൾക്ക് മുമ്പാണ് വഴിവിളക്ക് സ്ഥാപിച്ചത്. ശാന്തിനഗർ കുരിശിങ്കലുള്ള ഈ വഴിവിളക്ക് പ്രവർത്തനരഹിതമായിട്ട് ഒരു വർഷമാകുന്നു. ഇതിനിടെ നാട്ടുകാർ പലതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഫലമുണ്ടായിട്ടില്ല. പഞ്ചായത്ത് പരിധിയിലെ വഴിവിളക്കുകൾ പ്രവർത്തനരഹിതമായാൽ യഥാസമയം അറ്റകുറ്റപ്പണി നടത്താൻ തയാറാകാത്ത അധികൃതരുടെ അലംഭാവമാണ് ഇതടക്കം നിരവധി വഴിവിളക്കുകളുടെ അനാഥാവസ്ഥക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.
കണ്ണടച്ച വഴിവിളക്കിന് നാട്ടുകാരുടെ ആദരാഞ്ജലി !
01:03 AM Mar 25, 2023 | Deepika.com