പറവൂർ: ഭൂമി തരം മാറ്റുന്നതിനായി പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങിയ പുത്തൻവേലിക്കര കൃഷി അസിസ്റ്റന്റ് നേര്യമംഗലം കൂത്താടിയിൽ വീട്ടിൽ കെ.എഫ്. പ്രജിലിനെ (40) വിജിലൻസ് പിടികൂടി. തുരുത്തൂർ കാച്ചപ്പിള്ളി വിജുവിന്റെ പരാതിയിലാണ് അറസ്റ്റ്. ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന വിജുവിന് പുത്തൻവേലിക്കരയിൽ ഒമ്പത് സെന്റ് സ്ഥലവും ഭാര്യയുടെ പേരിൽ 8.5 സെന്റ് സ്ഥലവുമുണ്ട്.
ഈ രണ്ട് വസ്തുക്കളും ഡാറ്റാ ബാങ്കിൽ നിലമായാണ് കാണിച്ചിട്ടുള്ളത്. ഇവ പുരയിടമാക്കാൻ കഴിഞ്ഞ വർഷം പകുതിയോടെ വിജു അക്ഷയ വഴി അപേക്ഷ നൽകി. നവംബറിൽ അന്വേഷിച്ചപ്പോൾ ആർഡിഒ കൃഷിഭവനിൽ നിന്നു റിപ്പോർട്ട് തേടിയതായി അറിഞ്ഞു. നവംബർ 30 ന് ഓസ്ട്രേലിയയിലേക്ക് തിരിച്ചു പോകും മുന്പ് കൃഷി ഓഫീസറെ കണ്ടു വിവരം പറഞ്ഞെങ്കിലും ഫെബ്രുവരി വരെ തുടർനടപടിയുണ്ടായില്ല.
കഴിഞ്ഞ 18ന് നാട്ടിലെത്തിയ വിജു കൃഷി ഓഫീസറെ വിളിച്ചപ്പോൾ 21 ന് വന്നാൽ കൃഷി അസിസ്റ്റന്റിനെ സ്ഥലം കാണാൻ അയയ്ക്കാമെന്ന് അറിയിച്ചു. 21ന് രാവിലെ11ന് കൃഷി ഓഫീസിലെത്തിയ വിജുവിനൊപ്പം പ്രജിൽ പോയി സ്ഥലങ്ങൾ കണ്ടു.
രണ്ടു മൂന്നു മാസം എടുക്കുന്ന കേസാണിതെന്നും അത്യാവശ്യമായതിനാലാണു കൂടെ വന്നതെന്നും പറയുകയും ചെയ്ത പ്രജി, വൈകിട്ട് വിജുവിനെ ഫോൺ ചെയ്ത് കൈക്കൂലി വാങ്ങാൻ ഇടനിലക്കാരനായി പ്രവർത്തിക്കുന്ന മറ്റൊരാളുടെ ഗൂഗിൾ പേ നമ്പർ നൽകുകയായിരുന്നു. ഇക്കാര്യം വിജു തിരുവനന്തപുരം വിജിലൻസ് ഓഫീസിൽ വിളിച്ച് അറിയിച്ചു.
ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം വിജു, പ്രജിലിനെ ഫോൺ ചെയ്ത് എത്ര തുകയാണ് വേണ്ടതെന്ന് ചോദിച്ചു. കുറഞ്ഞത് 5,000 രൂപയെങ്കിലും വേണമെന്നായിരുന്നു ആവശ്യം. ഗൂഗിൾ പേ ഇല്ലെന്നും പണമായി തരാമെന്നും വിജു പറഞ്ഞപ്പോൾ പുത്തൻവേലിക്കരയിലെ ഒരു ബേക്കറിയിൽ കാണാമെന്ന് പ്രജിൽ മറുപടി നൽകി.
വെള്ളിയാഴ്ച രാവിലെ വിജിലൻസ് എറണാകുളം ഓഫീസിലെത്തിയ വിജുവിന്റെ കൈവശം ഉണ്ടായിരുന്ന 500 ന്റെ 10 നോട്ടുകളിൽ ഉദ്യോഗസ്ഥർ രാസവസ്തു പുരട്ടി പേപ്പറിൽ പൊതിഞ്ഞു തിരികെ നൽകി. തുടർന്നു വിജിലൻസ് ഡിവൈഎസ്പി എൻ. ബാബുകുട്ടന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും വിജുവും പുത്തൻവേലിക്കരയിൽ എത്തി.
പ്രജിലിനെ വിളിച്ച് ബേക്കറിയിൽ എത്താൻ വിജു ആവശ്യപ്പെട്ടു. ഇവിടെ എത്തിയ പ്രജിൽ വിജുവിനെ മറയുള്ള ഒരു ഭാഗത്തേക്ക് കൊണ്ടുപോയി പണം കൈപ്പറ്റി. ഈ സമയം മൂന്ന് ഉദ്യോഗസ്ഥർ ബേക്കറിയിൽ ഉണ്ടായിരുന്നു.
സംശയം തോന്നിയ പ്രജിൽ പണം സമീപത്തെ പറമ്പിലേക്ക് എറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി. വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഭൂമി തരംമാറ്റാൻ കൈക്കൂലി കൃഷി അസിസ്റ്റന്റ് അറസ്റ്റിൽ
11:59 PM Mar 24, 2023 | Deepika.com