കൊച്ചി: വിധവയായ വീട്ടമ്മയുടെ കുടുംബത്തിന്റെ കടബാധ്യത സ്വന്തം ശന്പളത്തില്‍ നിന്നും അടച്ച് തീര്‍ത്ത് കേരള ബാങ്ക് ജീവനക്കാരുടെ ഉദാത്ത മാതൃക. ആലുവ മുപ്പത്തടം തോപ്പിലക്കാട്ട് പരേതനായ ടി.സി. ബിനുവിന്റെ വായ്പ കടബാധ്യതയാണ് കേരള ബാങ്ക് ആലുവ പാലസ് റോഡ് ബ്രാഞ്ചിലെ ജീവനക്കാര്‍ ചേര്‍ന്ന് അടച്ച് തീര്‍ത്തത്. ബിനുവിന്റെ ഭാര്യ സുജി അര്‍ബുദം ബാധിച്ച് ചികിത്സയിലാണ്.
2012ല്‍ ഭവന നിര്‍മാണത്തിനായാണ് ബിനു കേരള ബാങ്കില്‍ നിന്ന് മൂന്നു ലക്ഷം രൂപ വായ്പ എടുത്തത്. 2017ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ബിനു മരണപ്പെട്ടതോടെ കുടുംബം ദുരിതത്തിലായി. എടയാറില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ തൂപ്പുകാരിയായ സുജി അസുഖബാധിതയായതോടെ ഇവരുടെ ദുരിതം കേട്ടറിഞ്ഞ ബാങ്ക് ജീവനക്കാര്‍ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇളവുകള്‍ കഴിഞ്ഞ് അടയ്ക്കാനുള്ള 1,26,000 രൂപ ബ്രാഞ്ചിലെ ആറ് ജീവനക്കാര്‍ ചേര്‍ന്ന് സ്വന്തം നിലയിലും സുമനസുകളായ ഇടപാടുകാരുടെ സഹായത്തോടെയുമാണ് കണ്ടെത്തിയത്.
ഇന്നലെ ബ്രാഞ്ചില്‍ നടന്ന ചടങ്ങില്‍ സുജി ഏകമകന് അര്ജുന് എന്നിവര്‍ക്ക് വീടിന്റെ പ്രമാണം ബാങ്ക് ബോര്‍ഡ് ഓഫ് മാനേജ്മെന്റ് അംഗം അഡ്വ. മാണി വിതയത്തില്‍ കൈമാറി. റീജണല്‍ ജനറല്‍ മാനേജര്‍ ജോളി ജോണ്‍, ഏരിയ മാനേജര്‍ സ്റ്റാന്‍ലി ജോണ്‍, ബ്രാഞ്ച് മാനേജര്‍ പി.വി.മേഴ്സി എന്നിവരും പങ്കെടുത്തു.
വിധവയായ വീട്ടമ്മയുടെ കടബാധ്യത തീര്‍ത്ത് കേരള ബാങ്ക് ജീവനക്കാര്‍
11:59 PM Mar 24, 2023 | Deepika.com