കോതമംഗലം : നിർദിഷ്ട മോഡേണ്‍ ഗ്യാസ് ക്രിമറ്റോറിയം പദ്ധതി പ്രദേശം ഉന്നതതല സംഘം സന്ദർശിച്ചു. നഗരസഭയിലെ കുന്പളത്തുമുറിയിലാണ് മോഡേണ്‍ ഗ്യാസ് ക്രിമറ്റോറിയത്തിനായിട്ടുള്ള സ്ഥലം കണ്ടെത്തിയിട്ടുള്ളത്. കോതമംഗലം നഗരസഭ വിലകൊടുത്ത് വാങ്ങിയ മൂന്ന് ഏക്കർ സ്ഥലത്തിൽ 65 സെന്റിലാണ് ക്രമിറ്റോറിയം നിർമിക്കാൻ തീരുമാനിച്ചിട്ടുള്ളത്. നാല് കോടി ചെലവ് വരുന്ന ഗ്യാസ് ക്രിമറ്റോറിയത്തിന്റെ വിശദമായ പദ്ധതി രൂപരേഖയ്ക്ക് കിഫ്ബിയുടെ അംഗീകാരം ലഭ്യമായിട്ടുണ്ട്. തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന ഉന്നതതല സംഘം പദ്ധതി പ്രദേശം സന്ദർശിച്ചത്.
ആന്റണി ജോണ്‍ എംഎൽഎ, നഗരസഭാധ്യക്ഷൻ കെ.കെ. ടോമി, എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ശ്രീദേവി, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ കെ.എ. നൗഷാദ്, കെ.വി. തോമസ്, നഗരസഭ സെക്രട്ടറി അൻസൽ ഐസക് എന്നിവരടങ്ങുന്ന സംഘമാണ് പ്രദേശം സന്ദർശിച്ചത്. വിശദമായ റിപ്പോർട്ട് ഉടൻ ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
നിർദിഷ്ട മോഡേണ്‍ ഗ്യാസ് ക്രിമറ്റോറിയം പദ്ധതി പ്രദേശം ഉന്നതതല സംഘം സന്ദർശിച്ചു
11:34 PM Mar 24, 2023 | Deepika.com