മൂവാറ്റുപുഴ : ഒളിന്പ്യൻ ചന്ദ്രശേഖർ ഇൻഡോർ സ്റ്റേഡിയം നിർമാണം ഉടൻ ആരംഭിക്കാൻ കഴിയുമെന്ന് മന്ത്രി വി. അബ്ദുൾറഹ്മാൻ എൽഡിഎഫ് പ്രതിനിധി സംഘത്തിന് ഉറപ്പുനൽകി. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുൻ എംഎൽഎ എൽദോ എബ്രഹാമും അന്നത്തെ എൽഡിഎഫ് നേതൃത്വത്തിലുള്ള നഗരസഭ കൗണ്സിലും മുൻകൈയെടുത്താണ് ജില്ലാ ഇൻഡോർ സ്റ്റേഡിയം മൂവാറ്റുപുഴയിൽ സ്ഥാപിക്കുന്നതിന് നടപടികൾ ആരംഭിച്ചത്.
എല്ലാ ജില്ലകളിലും ഒരു ഇന്റർനാഷണൽ സ്റ്റേഡിയം എന്ന സംസ്ഥാന സർക്കാർ പദ്ധതിയുടെ പ്രഖ്യാപനത്തെ തുടർന്ന് എൽഡിഎഫ് നേതാക്കളും ജനപ്രതിനിധികളും ഇടപെട്ടതിനെ തുടർന്നാണ് ജില്ലയുടെ സ്റ്റേഡിയം കോംപ്ലക്സ് മൂവാറ്റുപുഴയ്ക്ക് അനുവദിക്കാൻ അന്നത്തെ എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്.
ആദ്യം തയാറാക്കിയ എസ്റ്റിമേറ്റിനേക്കാൾ 10 കോടി അധിക ചിലവ് വരുന്ന 42 കോടിയുടെ റിവേഴ്സ് ചെയ്ത എസ്റ്റിമേറ്റ് ഇപ്പോൾ സ്റ്റേഡിയത്തിനായി തയാറാക്കിയിട്ടുണ്ട്. ഇതിന്റെ ഡിപിആർ തയാറാക്കി കിഫ്ബിയുടെ അംഗീകാരത്തിന് നൽകി കഴിഞ്ഞു.
കിഫ്ബി അനുമതി നൽകി പണം അനുവദിക്കുന്നതോടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയും. നിലവിലുള്ള പി.പി. എസ്തോസ് സ്മാരക സ്റ്റേഡിയം നിലനിർത്തിയാണ് ഒളിന്പ്യൻ ചന്ദ്രശേഖർ ഇൻഡോർ സ്റ്റേഡിയം വിഭാവനം ചെയ്തിട്ടുള്ളത്.
നിലവിലുള്ള സ്റ്റേഡിയത്തിൽ 400 മീറ്റർ നീളമുള്ള എട്ട് ലൈൻ സിന്തറ്റിക് ട്രാക്ക് പദ്ധതിയുടെ ഭാഗമായി നിർമിക്കപ്പെടും. ഇത് കൂടാതെ ഇലവൻസിന്റെ നാഷണൽ ഫുട്ബോൾ ടർഫും നിലവിലുള്ള സ്റ്റേഡിയത്തിന്റെ ഭാഗമായി നിർമിക്കും. പവലിയനോട് കൂടിയ ഗാലറിയും ഇതിന്റെ ഭാഗമായി ഉണ്ടാകും.ഇതുകൂടാതെ ഒന്പത് ബാഡ്മിന്റൺ കോർട്ട്, ഒരു ബാസ്ക്കറ്റ് ബോൾ കോർട്ട്, രണ്ട് വോളിബോൾ കോർട്ട്, ഗാലറിയോട് കൂടിയ ഇൻഡോർ സ്റ്റേഡിയം, സ്റ്റാൻഡേർഡ് സൈസ് എട്ട് ലൈൻ നീന്തൽ കുളവും അനുബന്ധ സൗകര്യങ്ങളും, പ്രാക്ടീസിനുള്ള സിന്തറ്റിക് കോർട്ട്, മെഡിക്കൽ സെന്റർ, ഫിറ്റ്നസ് സെന്റർ, കായികതാരങ്ങൾക്ക് താമസിക്കുന്നതിനുള്ള സൗകര്യങ്ങൾ ഇവയെല്ലാം അടങ്ങുന്ന വിപുലമായ സ്റ്റേഡിയം കോംപ്ലക്സ് നിർമിക്കുന്നതിനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. കിഫ്ബി അംഗീകാരം ലഭിക്കുന്നതോടെ നിർമാണം ആരംഭിക്കാൻ കഴിയും വിധം ടെണ്ടർ നടപടികൾ പൂർത്തീകരിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ എൽഡിഎഫ് പ്രതിനിധി സംഘത്തിന് ഉറപ്പുനൽകി.
പ്രതിനിധി സംഘത്തിൽ സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.എം. ഇസ്മായിൽ, ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കൽ, ആരക്കുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് വള്ളമറ്റം കുഞ്ഞ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അനീഷ് എം. മാത്യു എന്നിവരുമുണ്ടായിരുന്നു.
നിർമാണം ഉടനെന്ന് മന്ത്രിയുടെ ഉറപ്പ്
11:34 PM Mar 24, 2023 | Deepika.com