നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ പുതിയ കത്തീഡ്രല്‍ ദേവാലയത്തിന് ഇന്ന് തറക്കല്ലിടും. ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ ഇന്ന് രാവിലെ അര്‍പ്പിക്കുന്ന ദിവ്യബലിയെ തുടര്‍ന്നാണ് തറക്കല്ലിടല്‍ കര്‍മ്മം. വികാരി ജനറാള്‍ മോണ്‍. ജി. ക്രിസ്തുദാസും രൂപതയിലെ എപ്പിസ്കോപ്പല്‍ വികാരിമാരും വൈദികരും സന്യസ്തരും തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കും. 1644 ല്‍ അലങ്കാര മാതാവിന്റെ പേരില്‍ ഇശോ സഭാ വൈദികര്‍ ആരംഭിച്ച ദേവാലയം 1908 ലാണ് അമലോത്ഭവ മാതാവിന്റെ പേരില്‍ പുന:നാമകരണം ചെയ്യുന്നത്. ദേവാലയം സ്ഥാപിക്കുന്ന കാലത്ത് കൊച്ചി രൂപതയ്ക്ക് കീഴിലായിരുന്ന ദേവാലയം പിന്നീട് കൊല്ലത്തിന്റെയും തുടര്‍ന്ന് തിരുവനന്തപുരം, നെയ്യാറ്റിന്‍കര രൂപതകളുടെയും ഭാഗമായി മാറുകയായിരുന്നു.
തിരുവനന്തപുരം രൂപത വിഭജിച്ച് നെയ്യാറ്റിന്‍കര രൂപത സ്ഥാപിച്ചതോടെയാണ് നെയ്യാറ്റിന്‍കര രൂപതയുടെ കത്തീഡ്രല്‍ ദേവാലയമായി നെയ്യാറ്റിന്‍കര അമലോത്ഭവമാതാ ദേവാലയത്തെ പ്രഖ്യാപിക്കുന്നത്. 2018 ല്‍ പുനരുദ്ധാരണത്തിന്റെ ഭാഗമായി ദേവാലയം പൊളിച്ചു. 14,000 ചതുരശ്ര അടിയില്‍ രണ്ടു നിലകളിലായാണ് പുതിയ ദേവാലയം നിര്‍മിക്കുന്നത്.
ഗോഥിക് ശൈലിയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ദേവാലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇടവക വികാരി മോണ്‍.അല്‍ഫോണ്‍സ് ലിഗോരിയുടെ നേതൃത്വത്തില്‍ നടക്കും. ദേവാലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുന്ന രീതിയിലാണ് ക്രമീകരിക്കുന്നതെന്ന് ദേവാലയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കണ്‍വീനര്‍ ജസ്റ്റിന് ക്ലീറ്റസ് പറഞ്ഞു.
നെയ്യാറ്റിന്‍കര രൂപതയിലെ പുതിയ കത്തീഡ്രല്‍ ദേവാലയത്തിന് ഇന്ന് തറക്കല്ലിടും
11:05 PM Mar 24, 2023 | Deepika.com