കട്ടപ്പന: നഗരസഭാ പ്രദേശത്ത് ഇന്നലെയും പുലി ഇറങ്ങിയതായി അഭ്യൂഹം. കൊച്ചുതോവാള കോളനിക്കു സമീപം രണ്ടു മുയലുകളും ഒരു പൂച്ചയും അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ചത്തതോടെയാണ് പുലി ഇറങ്ങിയെന്ന അഭ്യൂഹം പരന്നത്.
വട്ടക്കല് ജോബിയുടെ വീട്ടിലാണ് കഴിഞ്ഞ രാത്രിയില്‍ വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ തീറ്റ കൊടുക്കാന്‍ ചെന്ന വീട്ടുകാരാണ് മുയലിന്റെ കൂട് തകര്‍ന്ന നിലയിലും സമീപത്ത് ഒരു പൂച്ച ചത്തുകിടക്കുന്നതും കണ്ടത്.
പ്രദേശവാസികൾ നടത്തിയ തെരച്ചിലില്‍ അസാധാരണമായ കാല്‍പ്പാടുകള്‍ കണ്ടെത്തുകയും ചെയ്തു.
കാഞ്ചിയാര്‍ ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യൂട്ടി റയിഞ്ച് ഓഫീസര്‍ ആർ. അജയ് സ്ഥലം സന്ദര്‍ശിച്ചു. പൂച്ചപ്പുലിയാകാനാണ് സാധ്യതയെന്നു വനംവകുപ്പ് അറിയിച്ചു.
നഗരസഭാ പ്രദേശത്ത് വീണ്ടും പുലി ഇറങ്ങിയതായി അഭ്യൂഹം
10:37 PM Mar 24, 2023 | Deepika.com