നീലേശ്വരം: നഗരസഭാ പരിധിയിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി. ശാന്തയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം നിര്ജീവമെന്ന ആക്ഷേപം ശക്തമാകുന്നു.
ഫെബ്രുവരി എട്ടിന് നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ ജനകീയ ധര്‍ണയും തിരുവനന്തപുരത്ത് പോയി ഒരു നിവേദനവും നല്കിയതല്ലാതെ പിന്നീടൊരു പ്രക്ഷോഭവും ആക്ഷന്‍ കമ്മിറ്റിയുടെ ഭാഗത്ത് നിന്നും പിന്നീട് ഉണ്ടായില്ല.
നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനെ രണ്ടായി വിഭജിക്കുന്ന തരത്തില്‍ നിര്‍മ്മിക്കുന്ന എംബാങ്ക്ഡ് ബ്രിഡ്ജിന് പകരം ആളുകള്‍ക്കും വാഹനങ്ങള്‍ക്കും സുഗമമായി കടന്നുപോകാന്‍ കഴിയുന്ന രീതിയില്‍ എലിവേറ്റഡ് ബ്രിഡ്ജ് സ്ഥാപിക്കുക, നീലേശ്വരം പുഴക്ക് കുറുകെയുള്ള പഴയ റോഡ്പാലം പുതുക്കിപ്പണിയുക, ആവശ്യമായ ഇടങ്ങളില്‍ സര്‍വീസ് റോഡ്, ഡ്രൈനേജ് എന്നിവ സ്ഥാപിക്കുക തുടങ്ങിയവയാണ് ആക്ഷന്‍ കമ്മിറ്റിയുടെ പ്രധാന ആവശ്യങ്ങള്‍.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ആക്ഷന്‍ കമ്മിറ്റി പ്രതിനിധി സംഘം തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിക്കും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ കേരള റീജിയണല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ക്കും നിവേദനം നല്‍കിയിരുന്നു. തൊട്ടടുത്തുള്ള പ്രദേശങ്ങള്‍ തുടര്‍പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു കാര്യങ്ങള്‍ നേടിയെടുക്കുമ്പോഴാണ് ഇവിടുത്തെ ആക്ഷന്‍കമ്മിറ്റി മാത്രം ഉറക്കം നടിക്കുന്നത്.
ദേശീയ പതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജില്ലയില്‍ വിവിധ മേഖലകള്‍ ശക്തമായ പ്രക്ഷോഭത്തിലാണ്. നഗരസഭാ പരിധിയിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരവും ആകാത്ത സ്ഥിതിയില്‍ തുടര്‍പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരു നടപടിയും ആക്ഷന്‍ കമ്മിറ്റിയുടെ ഭാഗത്ത് നിന്നുമില്ല.
നീലേശ്വരത്തെ ആക്ഷന്‍ കമ്മിറ്റി നിര്‍ജീവം
12:55 AM Mar 24, 2023 | Deepika.com