വെള്ളരിക്കുണ്ട്: നാട്ടക്കല് എഎല്‍പി സ്കൂളിലെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി അധ്യാപകര്‍ കുട്ടികള്‍ക്ക് സമ്മാനിച്ചത് ട്രാഫിക് സിഗ്നല്‍ അടയാളപ്പെടുത്തിയ റോഡ്. റോഡപകടങ്ങള്‍ നിത്യ സംഭവമാകുന്ന നാട്ടില്‍ കുഞ്ഞു കുട്ടികള്‍ക്ക് ചെറുപ്പം മുതലേ റോഡ് നിയമങ്ങള്‍ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂള്‍ വജ്രജൂബിലി കമ്മിറ്റി മനോഹരമായ റോഡ് നിര്‍മിച്ചത്. ക്ലാസ് മുറിവിട്ട് പുറത്ത് നിന്നു തന്നെ കുട്ടികള്‍ക്ക് റോഡ് നിയമങ്ങള്‍ ഇനി അറിയാന്‍ കഴിയും വിധത്തിലാണ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
വെള്ളരിക്കുണ്ട്-കൊന്നക്കാട് പ്രധാന റോഡില്‍ നിന്നും സ്കൂള്‍ മുറ്റത്തേക്ക് നിര്‍മിച്ച റോഡിന് ഏകദേശം 20 മീറ്റര്‍ ദൂരമുണ്ട്. ഈ റോഡില്‍ സീബ്ര ലൈന്‍ ഉള്‍പ്പെടെ വണ്‍ വേ രീതിയും വരച്ചു. സൈഡില്‍ മഞ്ഞവരയും ട്രാഫിക് സിഗ്നലുകളും വരച്ചു കാട്ടിയപ്പോള്‍ ഈ കുഞ്ഞു റോഡ് നാട്ടക്കല് സ്കൂളിലെ കുഞ്ഞുകുട്ടികളുടെ കുഞ്ഞുമനസില്‍ നിറഞ്ഞു നില്ക്കുന്ന തരത്തിലാണ്. നാട്ടക്കല് സ്കൂളില്‍ ഒരുക്കിയ ട്രാഫിക് സിഗ്നല്‍ ഉള്‍പ്പെടെ ഉള്ള റോഡ് വെള്ളരിക്കുണ്ട് സബ് ആര്‍ടിഒ ഓഫീസിലെ മോട്ടോര്‍ വൈഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. ദിനേശന് ഉദ്ഘാടനം ചെയ്തു. വജ്രജൂബിലി കമ്മറ്റി ചെയര്മാന് എം.പി.രാജന് അധ്യക്ഷതവഹിച്ചു.
റോഡിലും സൈഡുകളിലും ട്രാഫിക് ചിഹ്നങ്ങള്‍ വരച്ച ശില്പി സാജന് ബിരിക്കുളത്തിന് ഉപഹാരം നല്കി. മുഖ്യാധ്യാപിക വിജയകുമാരി സ്വാഗതവും പിടിഎ പ്രസിഡന്റ് രാജേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
നാട്ടക്കല് സ്കൂളിന് ട്രാഫിക് നിയമങ്ങള്‍ അടയാളപ്പെടുത്തിയ റോഡ്
12:55 AM Mar 24, 2023 | Deepika.com