കാക്കനാട് : റോഡരികിൽ മാലിന്യം തള്ളുന്നവരെ പിടിക്കാൻ തൃക്കാക്കര നഗരസഭയിൽ എൻഫോഴ്സ്മെന്റ് ടീം രംഗത്തിറങ്ങി. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാതലത്തിൽ രൂപീകരിച്ച എൻഫോഴ്സ്മെന്റ് ടീമംഗങ്ങൾ ഇന്നലെ തൃക്കാക്കര നഗരസഭയിലെത്തിയിരുന്നു.
തൃക്കാക്കര നഗരസഭാ പരിധിയിൽ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരോടൊപ്പം എൻഫോഴ്സ്മെന്റ് ടീം മാലിന്യം അലക്ഷ്യമായി തള്ളുന്ന പ്രദേശങ്ങൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. വാഹനങ്ങളിലെത്തി റോഡരികില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പരിശോധന കർശനമാക്കും. മാലിന്യം കൊണ്ടു വന്നു തള്ളുന്ന വാഹന ഉടമകളെ കണ്ടെത്തി നടപടി സ്വീകരിക്കാനാണ് തീരുമാനം. ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് അംഗങ്ങളായ സി.കെ. മോഹനൻ (അസി. കോഓർഡിനേറ്റർ- ശുചിത്വ മിഷൻ) ടി.എസ്. സജീർ( ടെക്നിക്കൽ കൺസൾട്ടന്റ്- ശുചിത്വ മിഷൻ) എന്നിവരോടൊപ്പം തൃക്കാക്കര നഗരസഭാ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ നിതീഷ് റോയ്, അമൽ അറക്കൽ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
വരുംദിവസങ്ങളിലും കർശന പരിശോധനയുണ്ടാകും.മാലിന്യം തള്ളുന്നവർക്കെതിരേ കർശന നടപടിയെടുക്കാനാണ് നഗരസഭാ തീരുമാനം.
തൃക്കാക്കരയിൽ എൻഫോഴ്സ്മെന്റ് ടീം പരിശോധന
12:02 AM Mar 24, 2023 | Deepika.com