മസ്കിറ്റ്: മസ്കിറ്റ് ബെൽറ്റ് ലൈനിലുള്ള ആൽബർട്ട് സണ്‍ ഗ്രോസറി സ്റ്റോറിലെ പാർക്കിംഗ് ലോട്ടിലുണ്ടായ വെടിവയ്പിൽ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. സംഭവത്തിനുശേഷം സ്വയം നിറയൊഴിച്ച പ്രതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. രണ്ടു സ്ത്രീകൾ തമ്മിൽ തർക്കം നടക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് മസ്കിറ്റ് പോലീസ് ഡിപാർട്ട്മെന്റിലെ ഓഫിസർ റിച്ചാർഡ് ലീ സംഭവ സ്ഥലത്തെത്തിയത്. പാർക്കിംഗ് ലോട്ടിൽ നിന്നു കാർ നിർത്തി ഇറങ്ങിവരികയായിരുന്ന ഉദ്യോഗസ്ഥനു നേരെ ഒരാൾ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിനു താഴെയാണ് വെടിയേറ്റത്. ഉടൻ തന്നെ ഡൗണ്ടൗണിലെ ബെയ്ലർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വയം നിറയൊഴിച്ചു ഗുരുതരമായി പരുക്കേറ്റ പ്രതിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മസ്കിറ്റ് പോലീസിൽ 21 വർഷമായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു റിച്ചാർഡ് ലീ. നിരവധി തവണ ഗുഡ് സർവീസ് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. മസ്കിറ്റ് പോലീസിൽ കഴിഞ്ഞ 40 വർഷത്തിനുശേഷമാണ് ഒരു പോലീസ് ഓഫിസർ ഡ്യൂട്ടിക്കിടയിൽ കൊല്ലപ്പെട്ടത്.
ഈ സംഭവം നടന്നതിനു ഒരു മൈൽ അകലെയാണ് മലയാളിയായ സാജൻ മാത്യു രണ്ടാഴ്ച മുൻപു കൊല്ലപ്പെട്ടത്.
പി.പി. ചെറിയാൻ
മസ്കിറ്റ് ഗ്രോസറി സ്റ്റോറിൽ വീണ്ടും വെടിവയ്പ്പ്; പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
09:18 PM Dec 05, 2021 | Deepika.com