ആലപ്പുഴ: ലൈഫ് ഭവന പദ്ധതി, പ്രാദേശിക വികസനം എന്നിവയ്ക്ക് ഊന്നല്‍ നല്കി 2023-24 സാമ്പത്തിക വര്‍ഷത്തെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് ബജറ്റ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയുടെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് ബിപിന്‍ സി. ബാബുവാണ് ഭൂമിക എന്നു പേരുനല്കിയ ബജറ്റ് അവതരിപ്പിച്ചത്. ആകെ 124,74,78, 432 രൂപ വരവും 122,98,60,000 രൂപ ചെലവും 1,76,18,432 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
ലൈഫ് ഗുണഭോക്താക്കള്‍ക്കു ജില്ലാ പഞ്ചായത്ത് വിഹിതം നല്‍കാനായി 9.36 കോടിയും അതിദരിദ്രര്‍ക്കായി പഞ്ചായത്തു വിഹിതമായി 10 ലക്ഷവും നീക്കിവച്ചു. ബ്ലോക്ക് പഞ്ചായത്തുകള്‍ക്കു 25 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി വികസനം-15.07 കോടി, പട്ടികവര്‍ഗ വികസനം- 65.24 ലക്ഷവും വകയിരുത്തി.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആര്. ദേവദാസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മിനി ഐടി പാർക്ക്
മിനി ഐടി പാര്‍ക്ക്- 50 ലക്ഷം, തൊഴില്‍ദായക സംരംഭം- 45 ലക്ഷം, കുടുംബശ്രീ ഉത്പന്ന പൊതുവിപണന കേന്ദ്രം- 25 ലക്ഷം എന്നിങ്ങനെ അനുവദിച്ചു. വിദ്യാഭ്യാസ പദ്ധതിക്ക് 20 ലക്ഷം, സ്കൂളുകള്‍ക്ക് കായിക ഉപകരണങ്ങള്‍- 25 ലക്ഷം, കായിക പരിപാടി- 42 ലക്ഷം, മാരകരോഗം ബാധിച്ച കുട്ടികള്‍ക്ക് ചികിത്സ-10 ലക്ഷം, ടര്‍ഫ് നിര്‍മാണം- 50 ലക്ഷം അനുവദിച്ചു.
ഡയാലിസിസ്
യൂണിറ്റുകള്‍
ആരോഗ്യമേഖലയ്ക്കായി 6.15 കോടി നീക്കിവച്ചു. ജില്ലാ ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കാൻ 40 ലക്ഷം, വനിതകള്‍ക്കു കാന്‍സര്‍ രോഗനിര്‍ണയം -40 ലക്ഷം, ഡയാലിസിസ് നടത്താനും അവയവമാറ്റത്തിനു വിധേയരായവര്‍ക്കു ജീവന്‍രക്ഷാ മരുന്നുകള്‍ വാങ്ങി നല്‍കാനും പഞ്ചായത്തുകള്‍ക്ക് സഹായം നല്‍കാനായി ഒരു കോടി നീക്കിവച്ചു.
നെൽകൃഷി
സബ്സിഡി
നെല്‍ക്കൃഷിക്ക് കൂലിച്ചെലവ് സബ്സിഡിക്കായി 1.25 കോടി, ഹരിതകിരണം-10 ലക്ഷം, കൃഷി ഫാം വികസനം- 50 ലക്ഷം ഉള്‍പ്പെടെ കാര്‍ഷിക മേഖലയ്ക്ക് 5.95 കോടി മാറ്റിവച്ചിട്ടുണ്ട്.
സാമൂഹികക്ഷേമം
3.6 കോടി
ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് -ഒരു കോടി, അങ്കണവാടി, പകല്‍വീട് സഹകരണപദ്ധതി- 70 ലക്ഷം, ഇലക്ട്രോണിക് വലചെയര്-55 ലക്ഷം, ബ്ലോക്ക് അടിസ്ഥാനത്തില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ -15 ലക്ഷം രൂപ എന്നിവയും അനുവദിച്ചു.
വനിതാ-ശിശു
വികസനം
ഷീ ഫിറ്റ്നസ് സെന്റര്‍-10 ലക്ഷം , വീട്ടമ്മമാര്‍ക്ക് ഡിജിറ്റല്‍ പരിശീലനം-10 ലക്ഷം എന്നിവ ബജറ്റിലുണ്ട്.
എസ്എല്‍ പുരം
സ്മൃതി മണ്ഡപം
എസ്എല്‍ പുരം സ്മാരക സ്മൃതി മണ്ഡപത്തിന് 10 ലക്ഷം രൂപയും തോപ്പില്‍ഭാസി സ്മാരക കലാ-പഠന കളരിക്കായി 10 ലക്ഷം രൂപയും നീക്കിവച്ചു.
ഫിലിം സൊസൈറ്റിയും
ഷോര്‍ട്ട് ഫിലിം ഫെസ്റ്റും
ആലപ്പുഴ: ജില്ലയിലെ സിനിമാ പ്രവര്‍ത്തകര്‍ക്കും സിനിമാ പ്രേമികള്‍ക്കുമായി ഫിലിം സൊസൈറ്റി രൂപീകരിക്കുമെന്നു ജില്ലാ പഞ്ചായത്ത് ബജറ്റ് പ്രഖ്യാപനം. വനിതകള്‍ തയാറാക്കുന്ന ഷോര്‍ട്ട് ഫിലിമുകളുടെ പ്രദര്‍ശനം സംഘടിപ്പിക്കും. ഇതിനായി അഞ്ചു ലക്ഷം രൂപയാണ് മാറ്റിവച്ചത്.
സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെയും ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാ അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ചു ജില്ലയിലെ സിനിമാപ്രവര്‍ത്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ആലപ്പി സിനിമാസ് എന്ന ഈ കൂട്ടായ്മയില്‍ ഉയര്‍ന്നു വന്ന ആവശ്യം പരിഗണിച്ചാണ് ജില്ലാ പഞ്ചായത്ത് ബജറ്റില്‍ തുക പ്രഖ്യാപിച്ചിരിക്കുന്നത്.
ആലപ്പുഴ ജില്ലാ പഞ്ചായത്തിന് 124 കോടിയുടെ ബജറ്റ്
10:59 PM Mar 23, 2023 | Deepika.com