ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സ തീര്‍ഥാടനകേന്ദ്രത്തില്‍ നാളെ വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു ജപമാല പ്രദക്ഷിണവും നടക്കും. പൈക സെന്റ് ജോസഫ് ഇടവക സമൂഹം നേതൃത്വം നല്‍കും. പൈക പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പുത്തൂര്‍ തിരുക്കര്‍മങ്ങള്‍ക്കു കാര്‍മികത്വം വഹിക്കും. അടുത്ത ശനിയാഴ്ചത്തെ തിരുക്കര്‍മങ്ങള്‍ ഇടമറ്റം സെന്റ് മൈക്കിള്‍സ് ഇടവകയുടെ നേതൃത്വത്തിൽ നടത്തപ്പെടുമെന്നു തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ അറിയിച്ചു.
മംഗളവാര്‍ത്ത തിരുനാള്‍ ദിനമായ നാളെ തീര്‍ഥാടന ദേവാലയത്തില്‍ ഗര്‍ഭിണികള്‍ക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനാശുശ്രൂഷ നടത്തും. രാവിലെ 11ന് വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന ശുശ്രൂഷ ആരാധനയോടെ സമാപിക്കും. ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.
അരുവിത്തുറ വല്യച്ചന്മല തീര്‍ഥാടനം
പാലാ: ഫ്രാന്‍സിസ്കന്‍ അല്മായസഭ പാലാ രൂപത സമിതി, അരുവിത്തുറ റീജൺ ഫൊറോന യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ 25ന് അരുവിത്തുറ വല്യച്ചന്‍മലയിലേക്ക് ജപമാലറാലിയും കുരിശിന്റെ വഴിയും നടത്തും. രാവിലെ 8.30ന് അരുവിത്തുറ പള്ളിയില്‍നിന്നു ജപമാല പ്രദക്ഷണവും ഒന്‍പതിന് മലയടിവാരത്തുനിന്നു പരിഹാരപ്രദക്ഷിണവും ആരംഭിക്കും. ഫൊറോന വികാരി ഫാ. അഗസ്റ്റിന് പാലയ്ക്കപ്പറമ്പില്‍ സന്ദേശം നല്‍കും. പ്രാര്‍ഥനകള്‍ക്ക് ഫാ. ആന്റണി വെച്ചൂര്‍ ഒഎഫ്എം, ഫാ. അരുണ്‍ ഇലവുങ്കല്‍ ഒഎഫ്എം എന്നിവര്‍ നേതൃത്വം നല്‍കും. 10.30ന് മലമുകളിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന, സന്ദേശം - ഫാ. അനീഷ് ഇളംപുരയിടത്തില്‍ ഒഎഫ്എം.
രൂപതാസമിതി ഭാരവാഹികളായ സോജന് മാത്യു കോയിക്കല്‍, തോമസ് മാത്യു മടിക്കാങ്കല്‍, ടോമി കെ. മാത്യു കളപ്പുരയ്ക്കല്‍, റോഷന് തോമസ് തോപ്പില്‍, റോസമ്മ ജോസ് വല്ലനാട്ട്, അന്നക്കുട്ടി തോമസ് പുത്തന്‍പറമ്പില്‍, ടോണി അഗസ്റ്റിന് വലിയവീട്ടില്‍ എന്നിവര്‍ തീർഥാടനത്തിനു നേതൃത്വം നല്‍കും.
വിശുദ്ധ അല്‍ഫോന്‍സ തീര്‍ഥാടന കേന്ദ്രത്തില്‍ ജപമാലപ്രദക്ഷിണം
10:35 PM Mar 23, 2023 | Deepika.com