ചേര്‍പ്പുങ്കല്‍: വിശ്വാസത്തിന്റെ അടിസ്ഥാനം കുടുംബങ്ങളാണെന്ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍. ചേര്‍പ്പുങ്കല്‍ പള്ളിയില്‍ നടക്കുന്ന കൃപാഭിഷേകം ബൈബിള്‍ കണ്‍വന്‍ഷന്റെ രണ്ടാം ദിവസമായ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ബുദ്ധിമുട്ടിന്റെ സഹനത്തിലൂടെ ശിഷ്യത്വത്തിന്റെ വിളി സ്വീകരിക്കുന്നവനു മാത്രമേ പരിപൂര്‍ണത നേടാന്‍ കഴിയൂ. കുരിശിന്റെ വഴിയിലൂടെ സഞ്ചരിച്ച് ഉത്ഥാനത്തിന്റെ മഹത്വത്തില്‍ പ്രവേശിക്കാന്‍ ഈ നോമ്പുകാലം നമ്മെ ഒരുക്കുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കണ്വന്ഷന് വൈകുന്നേരം നാലിനു ജപമാലയോടെ ആരംഭിച്ചു. വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജോര്‍ജ് വെട്ടുകല്ലേല്‍, ഫാ. ജയിംസ് കൊച്ചയ്യങ്കനാല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ. ഡൊമിനിക് വാളന്മനാല് വചനസന്ദേശം നല്കി. തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധനയും സൗഖ്യശുശ്രൂഷയും നടന്നു.
കണ്‍വന്‍ഷനില്‍ ഇന്ന് രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും.
വിശ്വാസത്തിന്റെ അടിസ്ഥാനം കുടുംബങ്ങൾ: മോണ്‍. ജോസഫ് കണിയോടിക്കല്‍
10:33 PM Mar 23, 2023 | Deepika.com