കാഞ്ഞിരപ്പള്ളി: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കാഞ്ഞിരപ്പള്ളി ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ സ്നേഹഭവനം പൂർത്തിയായി. സ്വന്തമായി വീടില്ലാത്ത നിർധന വിദ്യാർഥികൾക്ക് തലചായ്ക്കാൻ ഒരിടം എന്ന സ്വപ്നം സഫലമാക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നടപ്പിലാക്കുന്ന പദ്ധതിയാണ് സ്നേഹ ഭവനം.
മുണ്ടക്കയം പഞ്ചായത്തിലെ പുഞ്ചവയലിൽ 11-ാം വാർഡിലാണ് സ്നേഹഭവനം നിർമിച്ചത്. 2022 ഓഗസ്റ്റ് 15നാണ് സ്നേഹഭവനത്തിന് തറക്കല്ലിട്ടത്. മാതാപിതാക്കളും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബത്തിനാണ് വീട് നൽകുന്നത്. വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് സ്നേഹഭവനത്തിനു മുഴുവൻ തുകയും കണ്ടെത്തിയത്. എട്ടുലക്ഷം രൂപ മുടക്കിയാണ് വീട് നിർമിച്ചത്.
26ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് താക്കോൽദാനം നിർവഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പള്ളി രൂപത കോർപറേറ്റ് മാനേജർ ഫാ. ഡൊമിനിക് അയിലൂപ്പറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, മുണ്ടക്കയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, വാർഡ് മെംബർ ബിൻസി മാനുവൽ, ഡിഇഒ എം. റസീന, സെക്രട്ടറി എം.എസ്. ബിന്ദു, അജിത്ത് സി. കളനാട്, ഡേവിഡ് ജോസഫ് എന്നിവർ പ്രസംഗിക്കും.
സ്നേഹഭവനം ഒരുക്കി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
10:31 PM Mar 23, 2023 | Deepika.com