മുണ്ടക്കയം: കോരുത്തോട് പഞ്ചായത്ത് ആറാം വാർഡിൽ തോപ്പിൽകടവ് ഭാഗത്ത് അഴുതയാറിന് കുറുകെയുണ്ടായിരുന്ന പാലം പുനർ നിർമിക്കുന്നതിന് റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി 7.65 കോടി രൂപ അനുവദിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
പാലത്തിന്റെ മറുകര ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്ത് എട്ടാം വാർഡിലെ മൂഴിക്കൽ പ്രദേശമാണ്. പീരുമേട് എംഎൽഎ വാഴൂർ സോമനുമായി ചേർന്ന് മുഖ്യമന്ത്രിക്കും റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാർക്കും നിവേദനം നൽകിയതിനെത്തുടർന്നാണ് ഫണ്ട് ലഭ്യമായതെന്ന് എംഎൽഎ പറഞ്ഞു.
2018ലെ പ്രളയത്തിലാണു പാലം തകർന്നത്. രണ്ടു ജില്ലകളെയും രണ്ട് നിയോജക മണ്ഡലങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന പാലം തകർന്നതോടെ ഇരുകരയിലെയും ജനങ്ങൾ ഏറെ ദുരിതത്തിലായിരുന്നു. കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിച്ചാണ് ആളുകൾ മറുകരയിൽ എത്തിച്ചേർന്നിരുന്നത്.
പ്രാരംഭ സർവേ, സോയിൽ ടെസ്റ്റ് തുടങ്ങിയ പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചാണ് എസ്റ്റിമേറ്റും പ്ലാനും ഡിസൈനും തയാറാക്കിയത്. പരമാവധി വേഗത്തിൽ ടെൻഡർ നടപടികൾ സ്വീകരിച്ച് പാലം നിർമിക്കുമെന്ന് എംഎൽഎ പറഞ്ഞു.
തോപ്പിൽകടവ് പാലം പുനർനിർമാണത്തിന് 7.65 കോടി അനുവദിച്ചു
10:31 PM Mar 23, 2023 | Deepika.com