തലശേരി: കെസിവൈഎം തലശേരി അതിരൂപത മുൻ ഡയറക്ടറായിരുന്ന മോൺ. കുര്യാക്കോസ് മുണ്ടപ്ലാക്കലിന്റെ സ്മരണാർഥം അതിരൂപത കെസിവൈഎം ഏർപ്പെടുത്തിയ സാമൂഹ്യ സേവന അവാർഡ് കണ്ണൂർ ജില്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലഡ് ഡോണേഴ്സ് കേരള ചാരിറ്റബിൾ ട്രസ്റ്റിന്. 10,001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
25ന് രാവിലെ 10ന് തലശേരി സന്ദേശ് ഭവനിൽ നടക്കുന്ന കെസിവൈഎം മുൻകാല നേതാക്കന്മാരുടെ സമ്മേളനത്തിൽ തലശേരി ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് അവാർഡ് സമ്മാനിക്കും.
കണ്ണൂർ ജില്ലാ ആസ്ഥാനത്തും പരിസരങ്ങളിലുമുള്ള ആശുപത്രികളിൽ രാപ്പകൽ വ്യത്യാസമില്ലാതെ രക്തദാനവുമായി ബന്ധപ്പെട്ട വളരെ സ്തുത്യർഹമായ സേവനങ്ങളാണ് ബിഡികെ എന്നറിയപ്പെടുന്ന ഈ ചാരിറ്റബിൾ സൊസൈറ്റി ചെയ്തുകൊണ്ടിരിക്കുന്നത്.
രക്തദാനത്തിന് പുറമെ നിർധനരായ രോഗികളെ സഹായിക്കുന്ന സ്നേഹ സ്പർശം, തെരുവുമക്കൾക്കായി സ്നേഹപ്പുതപ്പ്, വിദ്യാർഥികൾക്കായി സ്നേഹപാഠം, കേരള പോലീസിന്റെ അക്ഷയപാത്ര എന്ന പ്രോഗ്രാമുമായി സഹകരിച്ച് സ്നേഹ സദ്യ, പാലിയേറ്റീവ് കെയർ വിംഗ് തുടങ്ങി ഇവർ നടത്തുന്ന നിരവധി സാമൂഹ്യ പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ്.
സമർപ്പിക്കപ്പെട്ട നിരവധി അപേക്ഷകളിൽ നിന്നാണു ബ്ലഡ് ഡോണേഴ്സ് കേരള ചാരിറ്റബിൾ ട്രസ്റ്റ് അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടതെന്ന് കെസിവൈഎം തലശേരി അതിരൂപത ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ, പ്രസിഡന്റ് ചിഞ്ചു വട്ടപ്പാറ, ജനറൽ സെക്രട്ടറി നിഖിൽ, അവാർഡ് നിർണയ കമ്മിറ്റി അംഗങ്ങൾ എന്നിവർ അറിയിച്ചു.
മോൺ. കുര്യാക്കോസ് മുണ്ടപ്ലാക്കൽ സാമൂഹ്യസേവന അവാർഡ് ബ്ലഡ് ഡോണേഴ്സ് കേരള ചാരിറ്റബിൾ സൊസൈറ്റിക്ക്
12:46 AM Mar 23, 2023 | Deepika.com