ബോവിക്കാനം: ചെങ്കല്ലില്‍ തീര്‍ത്ത 64 തൂണുകള്‍.. പച്ചക്കറി വള്ളികള്‍ക്ക് പടന്നുകയറാന് വല പന്തല്‍.. ചുട്ടുപ്പൊള്ളുന്ന വെയിലിലും പാറപ്പുറത്തെ പച്ച പുതപ്പിച്ച് കുടുംബശ്രീ. മുളിയാര്‍ പഞ്ചായത്തിലെ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഖയറുന്നീസയുടെ മൂലടുക്കത്തെ വീടിനു സമീപത്തുള്ള രണ്ടേക്കറോളം സ്ഥലത്താണ് കുടുംബശ്രീ ജില്ലാ മിഷന്റെ സഹായത്തോടെ പച്ചക്കറി കൃഷിയൊരുക്കിയത്.
ജനുവരി മാസത്തില്‍ കൃഷി ആരംഭിച്ചു. ചെങ്കല്ലുകള്‍ വാങ്ങി തൂണു നിര്‍മിച്ചു. തൂണ് നിര്‍മിക്കാനായി ആറു കല്ലുകളും തറയൊരുക്കുന്നതിനായി 12 കല്ലുകളുമാണ് ഉപയോഗിച്ചത്. ചെങ്കല്ല് ഉപയോഗിച്ച് നിര്‍മിച്ച തൂണായതിനാല്‍ തന്നെ ദീര്‍ഘകാലം ഈടുനില്‍ക്കും എന്നതാണ് പ്രത്യേകത. വീണ്ടും കൃഷി ചെയ്യുമ്പോള്‍ കൃഷിക്കായി ഇവ തന്നെ ഉപയോഗിക്കാന്‍ സാധിക്കും. മേല്‍മണ്ണ് നിറച്ച് ചാണകം, കോഴിക്കാഷ്ഠം, കുമ്മായം തുടങ്ങിയവ അടിവളത്തിനായി ഉപയോഗിച്ചു. വിത്തു പാകിയും തൈകള്‍ നട്ടുമാണ് കൃഷിയൊരുക്കിയത്.
പാവലും പടവലവും നരമ്പനും കൂടാതെ ഗ്രോബാഗിലും മഴമറ നിര്‍മിച്ചും മത്തന്‍, പച്ചമുളക് തുടങ്ങിയ മറ്റു പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. ദൂരെ നിന്നും കൃഷിത്തോട്ടം കണ്ടാല്‍ പാറപ്പുറത്താണ് ഇവയുള്ളതെന്ന് ആരും വിശ്വസിക്കില്ല. ജൈവരീതിയിലുള്ള കീടനാശിനി, ജൈവവളം എന്നിവയാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. കൃഷിക്കാവശ്യമായ വെള്ളം വീട്ടിലെ കുഴല്‍ക്കിണറില്‍ നിന്നും അയലത്തെ വീട്ടിലെ കിണറ്റില്‍നിന്നും പൈപ്പ് വഴിയാണ് എത്തിക്കുന്നത്. പരിപാലനത്തിനും മറ്റു ജോലികള്‍ക്കുമായി ഭര്‍ത്താവും മക്കളും സഹായത്തിനെത്തും.
ജെഎല്‍ജി ഗ്രൂപ്പായ ബിസ്മില്ല ജെഎല്‍ജിയുടെ സഹകരണത്തിലും ഇവിടെ പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ട്. കൂടാതെ മുളിയാര്‍ കുടുബശ്രീ സിഡിഎസ് നേതൃത്വത്തില്‍ ജില്ലയില്‍ ആദ്യമായി മധുര തുളസി കൃഷി ചെയ്തതും ഇവിടെയാണ്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത്തരമൊരു കൃഷി അവലംബിച്ചതെങ്കിലും പച്ചക്കറി കൃഷി വിജയകരമായാല്‍ പാറപ്പുറമായ മറ്റും സ്ഥലങ്ങളിലും ഈ രീതി വ്യാപിപ്പിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന് എഡിഎംസി സി.എച്ച്. ഇക്ബാല്‍ അറിയിച്ചു. നരമ്പനും പാവലും പടവലവും ഇതിനകം തന്നെ പിടിച്ചു തുടങ്ങി. നൂറുമേനി വിളവ് ലഭിക്കും എന്നു തന്നെയാണ് പ്രതീക്ഷയെന്ന് ഖയറുന്നീസ പറയുന്നു.
ചെങ്കല്തൂണുകളില് വിളയുന്നു; പാവലും പടവലവും
12:46 AM Mar 23, 2023 | Deepika.com