കൊച്ചി: ബ്രഹ്മപുരം പ്ലാന്റിന്റെ നിരീക്ഷണത്തിനായി വാച്ച് ടവര്‍ സ്ഥാപിക്കാന്‍ ഇന്നലെ ചേര്‍ന്ന ബ്രഹ്മപുരം മോണിറ്ററിംഗ് സമിതിയുടെ പ്രഥമ യോഗം തീരുമാനിച്ചു. ഇവിടെ മുഴുവന്‍ സമയ സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കും. ഒപ്പം പ്ലാന്റിലേക്കുള്ള പ്രധാന കവാടത്തില്‍ സുരക്ഷ ശക്തമാക്കാനും പി.വി. ശ്രീനിജന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
ബ്രഹ്മപുരത്ത് അഗ്നിസുരക്ഷാ വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്ന രിതിയില്‍ റോഡ് നിര്‍മിക്കാനും എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുവാനും കൂടുതല്‍ ഫയര്‍ ഹൈഡ്രന്റുകള്‍ ഒരുക്കുവാനും ഫയര്‍ വാച്ച്മാന്മാരെ നിയമിക്കാനും തീരുമാനിച്ചു. ഇത് സംബന്ധിച്ച രൂപരേഖ അഗ്നി രക്ഷാസേന തയാറാക്കി ജില്ലാ കളക്ടര്‍ക്കും കോര്‍പറേഷനും സമര്‍പ്പിക്കും. അടുത്തമാസം വീണ്ടും യോഗം ചേര്‍ന്ന് മേല്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് പുരോഗതി വിലയിരുത്തും.
കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന്, നഗരസഭാ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.കെ. അഷറഫ്, നഗരസഭാ സെക്രട്ടറി ബാബു അബ്ദുള്‍ ഖാദര്‍, അഗ്നി രക്ഷാസേനാ വിഭാഗം റീജണൽ ഫയര്‍ ഓഫീസര്‍ സുജിത്ത് എന്നിവര്‍ പങ്കെടുത്തു.
പ്ലാന്റ് നിരീക്ഷണത്തിനായി വാച്ചര്‍ ടവര്‍
12:42 AM Mar 23, 2023 | Deepika.com