മൂവാറ്റുപുഴ: രണ്ടു വർഷം മുന്പ് കാണാതായ വാളകം സ്വദേശിയെ നിരന്തര അന്വേഷണത്തിനൊടുവിൽ മൂവാറ്റുപുഴ പോലീസ് പാലക്കാടുനിന്ന് കണ്ടെത്തി. വാളകം ബദനിപ്പടി ഭാഗത്തുനിന്ന് കാണാതായ പാടിയിൽ റെജി കുര്യാക്കോസിനെയാണ് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പാലക്കാടുനിന്ന് കണ്ടെത്തിയത്.
ഇയാൾ ഇവിടെ ആക്രി പെറുക്കി വിറ്റ് താത്കാലിക ഷെഡിൽ ജീവിച്ചുവരികയായിരുന്നു. വീട്ടുകാരുമായി വഴക്കിട്ടാണ് റെജി നാടുവിട്ടത്. കഴിഞ്ഞ രണ്ട് വർഷമായി മൂവാറ്റുപുഴ പോലീസ് സംസ്ഥാനത്തിനകത്തും പുറത്തും കാണാതായ ആളെക്കുറിച്ച് ലുക്ക്ഔട്ട് നോട്ടീസ് അടക്കം പ്രചരിപ്പിച്ചു തെരഞ്ഞുവരികയായിരുന്നു.
അന്യ സംസ്ഥാനങ്ങളിലെ തീർഥാടന കേന്ദ്രങ്ങളിലും മറ്റും പല തവണ പോലീസ് അന്വേഷണം നടത്തി. കാണാതായ ആൾ ഊട്ടി, നിലമ്പൂർ എന്നിവിടങ്ങളിൽ മാറി മാറി കഴിഞ്ഞു വരികയായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിൽ മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എൻ. രാജേഷ്, എസ്ഐ ഒ.എം. സെയ്ദ്, എഎസ്ഐ ടി.എം.ഷമീർ, സീനിയർ സിപിഒ ഇ.എം. ഷിബു എന്നിവരാണുണ്ടായിരുന്നത്.
രണ്ടു വർഷം മുന്പ് കാണാതായ ആളെ പാലക്കാട് കണ്ടെത്തി
12:40 AM Mar 23, 2023 | Deepika.com