കൽപ്പറ്റ: ലോക ജലദിനത്തോടനുബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും സംയുക്തമായി ’തണ്ണീർകണ്ണി, കരുതാം നാളേക്കായ്’ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ എന്നീ നാല് കേന്ദ്രങ്ങളിൽ തെരവുനാടകം അവതരിപ്പിച്ചു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കുക എന്ന ലക്ഷ്യത്തോടെ ജല സ്വയംപര്യാപ്തത എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് നാടകങ്ങൾ അരങ്ങേറിയത്. ടീം ഉണർവ് കലാ സംഘത്തിന്റെ നേതൃത്വത്തിലാണ് നാടകാവിഷ്ക്കാരം നടന്നത്. കാന്പെയിനിന്റെ ഭാഗമായി പൂമല കാലിക്കട്ട് യൂണിവേഴ്സിറ്റി സെന്ററിലെ എംഎസ്ഡബ്ല്യു വിദ്യാർഥികൾ ഫ്ളാഷ് മോബും അവതരിപ്പിച്ചു.
കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റിൽ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ ഷാജി ജോസഫ് ചെറുകരക്കുന്നേൽ അധ്യക്ഷത വഹിച്ചു.
മാനന്തവാടി കോഓപ്പറേറ്റീവ് കോളജിൽ നടന്ന പരിപാടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. എൽഎസ്ജിഡി ഡെപ്യൂട്ടി ഡയറക്ടർ പി. ജയരാജൻ അധ്യക്ഷത വഹിച്ചു. മാനന്തവാടി കോഓപറേറ്റീവ് കോളേജ് പ്രിൻസിപ്പൽ പി.കെ. സുധീർ മുഖ്യ പ്രഭാഷണം നടത്തി. പനമരം ഡബ്യുഎംഒ ഇമാം ഗസാലി ആർട്സ് ആൻഡ് സയൻസ് കോളജിൽ നടന്ന പരിപാടി പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ കാട്ടി അധ്യക്ഷത വഹിച്ചു. പനമരം ഡബ്യുഎം.ഒ ഇമാം ഗസാലി ആർട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പൽ പി.ടി അബ്ദുൾ അസീസ് മുഖ്യ പ്രഭാഷണം നടത്തി. സുൽത്താൻ ബത്തേരി ബ്ലോക്ക് ഓഫീസിൽ നടന്ന പരിപാടി ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ ഉദ്ഘാടനം ചെയ്തു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്പിളി സുധി അധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടിയിൽ മാനന്തവാടി വാർഡ് കൗണ്സിലർ സിനി ബാബു, എൽഎസ്ജിഡി അസിസ്റ്റന്റ് ഡയറക്ടർ ജോമോൻ ജോർജ്, സുൽത്താൻ ബത്തേരി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ മീരാഭായി, എൽഎസ്ജെഡി. സീനിയർ സൂപ്രണ്ട് ശ്രീജിത്ത് കരിങ്ങാളി, എൽഎസ്ജിഡി ജൂനിയർ സൂപ്രണ്ടുമാരായ ജോസ് തോമസ്, സി. സുധീർ തുടങ്ങിയവർ പ്രസംഗിച്ചു.
രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ ജില്ലാ ഡിപിഎം ജെ.എൽ. അനീഷ്, കമ്മ്യൂണിറ്റി ഡവലപ്മെന്റ് എക്സ്പെർട്ട് കെ.ആർ. ശരത്, ബ്ലോക്ക് കോഓർഡിനേറ്റർമാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
‘തണ്ണീർകണ്ണി, കരുതാം നാളേക്കായ്; തെരുവ് നാടകം അവതരിപ്പിച്ചു
12:12 AM Mar 23, 2023 | Deepika.com