വിദ്യാർഥിയെ പീഡിപ്പിച്ച ഹോസ്റ്റൽ വാർഡൻ പിടിയിൽ
11:59 PM Mar 22, 2023 | Deepika.com
പള്ളിക്കത്തോട്: സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഹോസ്റ്റൽ വാർഡനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശിയായ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ചൈൽഡ് ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പോലീസ് കേസെടുത്തത്. പ്രതിയായ ചെറുവള്ളി സ്വദേശി വിഷ്ണു (30) യാണ് പിടിയിലായത്. നിരന്തര പീഡനത്തിന് ഇരയായ കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. വിദേശത്തായിരുന്ന മാതാപിതാക്കൾ കുട്ടിയുടെ പരാതി ചൈൽഡ് ലൈന് ഓൺലൈനായി നൽകി. ചൈൽഡ് ലൈൻ പ്രവർത്തകർ പരാതി അന്വേഷിച്ചശേഷം റിപ്പോർട്ട് പള്ളിക്കത്തോട് പോലീസിന് കൈമാറുകയായിരുന്നു. തുടർന്നാണ് പള്ളിക്കത്തോട് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.