കടുത്തുരുത്തി: കുറുപ്പന്തറ റെയില്‍വേ മേല്‍പാലം നിര്‍മിക്കുന്നതിനു മുന്നോടിയായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചതായി മന്ത്രി കെ. രാജന്.
കുറുപ്പന്തറ റെയില്‍വേ മേല്പാലത്തിനായുള്ള കാത്തിരിപ്പ് നീളുന്നതായി ദീപിക കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് നിയമസഭയില്‍ മോന്‍സ് ജോസഫ് എംഎല്‍എ ഉന്നയിച്ച ചോദ്യത്തിനു രേഖാമൂലം നല്കിയ മറുപടിയിലാണ് കുറുപ്പുന്തറ മേല്‍പാലത്തിന്റെ സ്ഥലമെടുപ്പ് നടപടികളുടെ പുരോഗതി മന്ത്രിയറിച്ചത്. മേല്‍പാലത്തിന് വേണ്ടി വരുന്ന 68 കൈവശങ്ങളില്‍ 61 കൈവശങ്ങളുടെ അവാര്‍ഡ് പാസാക്കിയതായും മന്ത്രി അറിയിച്ചു.
കേരള ഹൈക്കോടതിയില്‍ രണ്ട് കൈവശക്കാര്‍ നല്കിയ ഹര്‍ജിയില്‍ സ്റ്റാറ്റസ് ക്വോ ഉത്തരവ് ലഭിച്ചിട്ടുണ്ട്. സ്റ്റേ നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. കുറുപ്പന്തറ മേല്‍പാലത്തിന്റെ അലൈന്മെന്റില് പൂര്‍ണമായും കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കലിനായി 8,55,28,213 രൂപ കിഫ്ബിയില്‍നിന്ന് ലഭ്യമാക്കി റവന്യൂവകുപ്പിനു കൈമാറിയിട്ടുളളതായും മന്ത്രി അറിയിച്ചു. അധികമായി ഭൂമി ഏറ്റെടുക്കേണ്ട സാഹചര്യം കുറുപ്പന്തറയില്‍ ഉണ്ടായതിനെത്തുടര്‍ന്ന് 4.67 ആര് അധികഭൂമിക്ക് ആവശ്യമായ അഡീഷണല്‍ ഫണ്ട് കിഫ്ബിയില്‍നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചാലുടന്‍ 19 (1) പ്രഖ്യാപനം അടക്കമുളള തുടര്‍നടപടികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി ഉറപ്പ് നല്കി.
കുറുപ്പന്തറ റെയില്‍വേ മേല്‍പാലം: സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചതായി റവന്യൂമന്ത്രി
11:40 PM Mar 22, 2023 | Deepika.com