ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവം: കൊടിയേറ്റ് 27ന്
11:24 PM Mar 22, 2023 | Deepika.com
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവ കൊടിയേറ്റിനായി താന്ത്രിക ചടങ്ങുകൾക്കു തുടക്കമായി. 27 ന് രാവിലെ 8.40 ന് ഉത്സവത്തിന് കൊടിയേറും. ഏപ്രിൽ നാലിനാണ് പള്ളിവേട്ട. അഞ്ചിന് ശംഖുംമുഖത്ത് നടക്കുന്ന ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.മണ്ണുനീർ കോരലിന് പിന്നാലെ തന്ത്രി തരണനല്ലൂർ സതീഷൻ നന്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പൂജകൾ ആരംഭിച്ചു. 25 വരെ അടിയന്തിരപൂജ, കലശം, ഹോമം. 23 ന് ശുദ്ധിപഞ്ചകം, ധാര. 24 ന് ചോരശാന്തി, ചത:ശുദ്ധി. 25 ന് വൈകുന്നേരം 365 സ്വർണകലശങ്ങളിൽ ജലം നിറച്ച് ബ്രഹ്മകലശപൂജ നടക്കും. 26 ന് രാവിലെ 8.30 ന് ബ്രഹ്മകലശാഭിഷേകം. തുടർന്ന് ക്ഷേത്രം സ്ഥാനിയുടെ സാന്നിധ്യത്തിൽ താന്ത്രിക ചടങ്ങുകൾ പൂർത്തീകരിക്കുന്ന തിരുവോലക്കം നടക്കും. ഏപ്രിൽ മൂന്നിന് രാത്രി ശീവേലിയിൽ വലിയകാണിക്ക. ഉത്സവദിവസങ്ങളിൽ രാത്രി 8.30 ന് വിവിധ വാഹനങ്ങളിൽ ഉത്സവശീവേലി നടക്കും. കിഴക്കേനടയിലെ നാടകശാല മുഖപ്പിൽ ദിവസവും രാത്രി 10 ന് കഥകളിയും തുലാഭാര മണ്ഡപത്തിൽ രാത്രി ക്ഷേത്രകലകളും അരങ്ങേറും.