കോട്ടയം: പഴയിടത്ത് വൃദ്ധദമ്പതികളായ റിട്ടയേര്‍ഡ് പൊതുമരാമത്ത് സൂപ്രണ്ട് ചൂരപ്പാടിയില്‍ തീമ്പനാല്‍ എന്‍. ഭാസ്കരന് നായര്‍ (75), ഭാര്യ റിട്ടയേര്‍ഡ് കെഎസ്ഇബി ഉദ്യോഗസ്ഥ തങ്കമ്മ (69) എന്നിവരെ ചുറ്റികയ്ക്കു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ബന്ധു ചൂരപ്പാടിയില്‍ അരുണ്‍ ശശിയുടെ (31) ശിക്ഷ നാളെ വിധിക്കും.
ഇരുഭാഗത്തിനും പറയാനുള്ളതു കേട്ട കോടതി ശിക്ഷാ വിധി നാളത്തേക്കു മാറ്റുകയായിരുന്നു. കുറ്റം ചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തിനു മറുപടി പറയാതിരുന്ന അരുണ്‍ ശിക്ഷയില്‍ പരമാവധി ഇളവ് വേണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. ഏക സഹോദരിയുടെ ഭര്‍ത്താവിനു കാന്‍സര്‍ ബാധിച്ചതിനാല്‍ അരുണ്‍ മാത്രമാണ് ആശ്രയമെന്നും മനഃപരിവര്‍ത്തനത്തിനുള്ള അവസരം കൊടുക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
പ്രായവും മറ്റ് സാഹചര്യങ്ങളും പരിഗണിക്കരുതെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. വൃദ്ധ ദമ്പതികളെ ഒരു ദയയുമില്ലാതെ കൊലപ്പെടുത്തിയ അരുണ്‍ മറ്റ് കേസുകളിലും പ്രതിയാണെന്നും പരമാവധി ശിക്ഷ കൊടുക്കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
കൊലപാതകം (302), ഭവനഭേദനം (449), കവര്‍ച്ച (397) എന്നീ കുറ്റങ്ങളിലാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജെ. നാസര്‍ ശിക്ഷ വിധിക്കുക. 2013 ഓഗസ്റ്റ് 28ന് തങ്കമ്മയുടെ സഹോദരപുത്രനായ അരുണ്‍ ഇരുവരെയും കൊലപ്പെടുത്തി സ്വര്‍ണവും പണവും അപഹരിക്കുകയായിരുന്നു.
പഴയിടം കൂട്ടക്കൊല: ശിക്ഷാവിധി നാളെ
11:16 PM Mar 22, 2023 | Deepika.com