ചങ്ങനാശേരി: മാര്‍ ജോസഫ് പവ്വത്തില്‍ കേരളത്തിലെ തലയെടുപ്പുള്ള ക്രൈസ്തവ ആചാര്യന്മാരില് ഒരാളായിരുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന് ആദരാഞ്ജലി അര്‍പ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തന്നിലെ ആത്മീയചൈതന്യംകൊണ്ട് സഭയ്ക്കും സമൂഹത്തിനും ഒരുപോലെ വെളിച്ചം പകര്‍ന്നു വഴി നടത്തിയ മാര്‍ പവ്വത്തിലിന്റെ വിയോഗം സഭയ്ക്കെന്നപോലെ കേരളീയ പൊതുസമൂഹത്തിനും വലിയ നഷ്ടമാണ്. സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിഷയങ്ങളില്‍ അദ്ദേഹമെടുത്തിരുന്ന ധീരവും പക്വവുമായ നിലപാടുകള്‍ എന്നും ശ്രദ്ധേയമായിരുന്നു. വാക്കുകളിലെ മൂര്‍ച്ചകൊണ്ടും നിലപാടുകളിലെ കൃത്യതകൊണ്ടും അദ്ദേഹം തെളിഞ്ഞുനിന്നു. സമുദായമൈത്രിക്ക് അദ്ദേഹം നടത്തിയ ഇടപെടലുകള്‍ സ്മരിക്കപ്പെടേണ്ടതാണ്. സാഹോദര്യമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തി മുദ്ര. വ്യക്തിപരമായി വലിയ അടുപ്പവും സ്നേഹവും ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. ആര്‍ച്ച് ബിഷപ് പദവി ഒഴിഞ്ഞ് വിശ്രമിക്കുന്ന വേളയില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനും സമയം ചെലവഴിക്കാനും സാധിച്ചിരുന്നുവെന്നു പി.കെ. കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാ, കോട്ടയം ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍, സംസ്ഥാന കൗണ്‍സിലംഗം കെ.എന്‍. മുഹമ്മദ് സിയ എന്നിവരും അദ്ദേഹത്തോടൊപ്പം ആദരാഞ്ജലിയര്‍പ്പിച്ചു.
സാഹോദര്യം വ്യക്തിമുദ്രയാക്കിയ ആത്മീയാചാര്യൻ: പി.കെ. കുഞ്ഞാലിക്കുട്ടി
11:16 PM Mar 22, 2023 | Deepika.com