തൊടുപുഴ: റോഡ് അറ്റകുറ്റപണിയുമായി ബന്ധപ്പെട്ട ഫയൽ പൂഴ്ത്തിയെന്നാരോപിച്ച് തൊടുപുഴ നഗരസഭാ കൗണ്‍സിലറും ഓവർസിയറും തമ്മിൽ നടന്ന വാക്പോര് വിവാദത്തിൽ. 13-ാം വാർഡ് കൗണ്‍സിലർ സിജി റഷീദും എൻജിനിയറിംഗ് വിഭാഗം ഓവർസീയർ അജിതയും തമ്മിലാണ് കഴിഞ്ഞ് 14ന് നഗരസഭയ്ക്കുള്ളിൽ വാക്കേറ്റമുണ്ടായത്.
13-ാം വാർഡിലെ കോളനിയിലേക്കുള്ള കുന്നം- ഇടിക്കി ടി റോഡിന്റെ ഫയലുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. റോഡിന്റെ പേര് നഗരസഭയുടെ ആസ്തി രജിസ്ട്രറിൽ ഓവർസിയർ തെറ്റായി രേഖപ്പെടുത്തിയതിനാൽ റോഡിന്റെ അറ്റകുറ്റപണി മുടങ്ങിയതായി കൗണ്‍സിലർ ആരോപിച്ചു. തുടർന്നു താൻ തിരുവനന്തപുരത്തും കളക്ടറേറ്റിലും പലതവണ പോയി രജ്സ്ട്രറിലെ പേര് ശരിയാക്കിയിട്ടും റീ എസ്റ്റിമേറ്റെടുക്കാതെ എട്ട് ദിവസത്തോളം ഈ ഫയൽ ഓവർസിയർ പൂഴ്ത്തി വച്ചതായി സിജി റഷീദ് പറയുന്നു.
നഗരസഭയിലെത്തി ഫയൽ ചോദിച്ചപ്പോൾ തനിക്കറിയില്ലെന്നു പറഞ്ഞ് ഓവർസിയർ തട്ടിക്കയറുകയാണുണ്ടായത്. തുടർന്ന് അസി. എക്സിക്യൂട്ടീവ് എൻജിനിയറുടെ നിർദ്ദേശപ്രകാരമാണ് ഫയൽ കണ്ടെത്തി റോഡിന്റെ റീ എസ്റ്റിമേറ്റെടുത്തതെന്നും സിജി പറഞ്ഞു.
ഓവർസിയറുടെ നടപടിക്കെതിരെ നഗരസഭാ ചെയർമാനും സെക്രട്ടറിക്കും സിജി പരാതി നൽകി. അതേസമയം കൗണ്‍സിലർ തന്റെ കാന്പിനിലെത്തി ജോലി തടസപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തി ഫയലുകളിൽ ഒപ്പിടീപ്പിച്ചുവെന്നും ആരോപിച്ച് ഓവർസിയർ തൊടുപുഴ പോലീസ് സ്റ്റേഷനിലും നഗരസഭാ ചെയർമാനും പരാതി നൽകിയിട്ടുണ്ട്.
ഇന്നലെ നടന്ന നഗരസഭാ കൗണ്‍സിലിലും വിഷയം ചർച്ചയായി. സിജി റഷീദ് തന്നെയാണ് താൻ നൽകിയ പരാതിയിൽ ഓവർസിയർക്കെതിരെ നടപടിയുണ്ടാകണമെന്ന് കൗണ്‍സിലിൽ ആവശ്യമുന്നയിച്ചത്. തുടർന്ന് കൗണ്‍സിലർമാർ ഒന്നടങ്കം യോഗത്തിൽ ഉദ്യോഗസ്ഥയുടെ പ്രവർത്തനങ്ങളെ വിമർശിച്ചു. ഇവരുടെ കെടുകാര്യസ്ഥത മൂലം നിരവധി പദ്ധതികൾ വൈകുന്നുണ്ടെന്ന് മറ്റ് കൗണ്‍സിലർ പറഞ്ഞു. വൈസ് ചെയർപേഴ്സണ്‍ ജെസി ജോണി, കോണ്‍ഗ്രസ് കൗണ്‍സിലർ കെ. ദീപക്, ബിജെപിയിലെ ടി.സി. രാജൻ, പി.ജി. രാജശേഖരൻ, സിപിഐയിലെ മുഹമ്മദ് അഫ്സൽ എന്നിവർ കൗണ്‍സിലറുടെ പരാതി ന്യായമാണെന്നും ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടു.
മുന്‍പ് താനും മറ്റൊരു ഓവർസീയറെക്കുറിച്ച് പരാതിപ്പെട്ടിട്ട് നടപടിയുണ്ടായില്ലെന്ന് കോണ്‍ഗ്രസിലെ സനു കൃഷ്ണൻ പറഞ്ഞു. കൗണ്‍സിലർക്കെതിരെ പോലീസിൽ പരാതി നൽകാൻ നിയമപരമായി ഓവർസീയർക്ക് സാധിക്കില്ലെന്ന് നഗരസഭാ സെക്രട്ടറി ഇൻ ചാർജ് ജി. വിനോദ്കുമാർ കൗണ്‍സിലിനെ അറിയിച്ചു. പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് ചെയർമാൻ കൗണ്‍സിലിൽ ഉറപ്പ് നൽകി.
ഫയൽ പൂഴ്ത്തിയെന്ന് ആരോപണം കൗണ്‍സിലറും ഓവർസിയറും തമ്മിൽ നഗരസഭയിൽ വാക്പോര്
10:36 PM Mar 22, 2023 | Deepika.com