ഒടയംചാല്‍: ഒടയംചാല്‍-ഇടത്തോട് റോഡിലെ മണ്ണിടിച്ചില്‍ വീടുകള്‍ക്കും ഭീഷണിയാകുന്നു. കഴിഞ്ഞ ജൂലൈയില്‍ നായ്ക്കയംതട്ടിലെ ഇല്ലിക്കല്‍ ജയ്സണിന്റെ വീടിന്റെ തൊട്ടുമുന്നില്‍ നിന്നും റോഡിലേക്ക് മണ്ണിടിഞ്ഞുവീണിരുന്നു. അതേദിവസമാണ് തൊട്ടടുത്ത കുന്നുംവയലില്‍ ഭൂമിയില്‍ വിള്ളല്‍ വീണ് തോട് ഗതിമാറിയൊഴുകി വ്യാപകമായ നാശനഷ്ടങ്ങള്‍ വിതച്ചത്.
ജയ്സണിന്റെ വീടിന്റെ ചുവരിലും മുറ്റത്തും വിള്ളലുകള്‍ വീണിട്ടുണ്ട്. റോഡ് നിര്‍മാണവേളയില്‍ തൊട്ടടുത്തുവച്ച് സ്ഫോടക വസ്തുക്കളുപയോഗിച്ച് പാറ പൊട്ടിച്ചതാണ് അപകടാവസ്ഥയുണ്ടാക്കിയതെന്ന് വീട്ടുകാര്‍ പറയുന്നു.
പഞ്ചായത്ത്, റവന്യൂ, പൊതുമരാമത്ത് അധികൃതര്‍ സ്ഥലത്തെത്തി അടിയന്തിരമായി റോഡിന് പാര്‍ശ്വഭിത്തി നിര്‍മിച്ചുനല്‍കാമെന്ന് ഉറപ്പുതന്നിരുന്നു. എന്നാല്‍ ഒമ്പതുമാസമായിട്ടും പണികളൊന്നും തുടങ്ങിയിട്ടില്ല.
മണ്ണിടിച്ച് റോഡിന് വീതി കൂട്ടിയ മറ്റു പല ഭാഗങ്ങളിലും വീടുകള്‍ അപകടാവസ്ഥയിലായിട്ടുണ്ട്. ജയ്സണിന്റേതുപോലെ നേരിട്ടുള്ള അപകടം ഉണ്ടായിട്ടില്ലെന്നു മാത്രമേയുള്ളൂ. അപകടസാധ്യതയുള്ള ഭാഗങ്ങളിലെല്ലാം പാര്‍ശ്വഭിത്തി നിര്‍മിക്കാന്‍ 50 ലക്ഷം രൂപ അനുവദിച്ച് കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും പിന്നീട് കരാറുകാരന് പിന്മാറുകയായിരുന്നുവെന്ന് പറയുന്നു. പുതിയ അടങ്കല്‍ തയാറാക്കി സമര്‍പ്പിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് വീണ്ടും കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി തുടങ്ങുമെന്നുമാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ മഴക്കാലത്തിനുമുമ്പ് അത് നടന്നില്ലെങ്കില്‍ വീണ്ടും അപകടമുണ്ടാകുമോയെന്ന ആധിയിലാണ് ജയ്സണും കുടുംബവും.
ഒടയംചാല്‍ റോഡിലെ മണ്ണിടിച്ചില്‍ വീടുകള്‍ക്കും ഭീഷണിയാകുന്നു
01:18 AM Mar 22, 2023 | Deepika.com