കൊച്ചി: ആമയുടെ പുറത്ത് പണം വച്ചാല്‍ ഇരട്ടിക്കുമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് കാമുകിയുടെ 23 പവന് സ്വര്‍ണം തട്ടിയെടുത്ത കേസില്‍ കാമുകനും സുഹൃത്തും അറസ്റ്റില്‍. ഇടുക്കി ചുരുളിപതാല്‍ ആല്‍പ്പാറ മുഴയില്‍ കിച്ചു ബെന്നി(23), സുഹൃത്ത് രാജസ്ഥാന് മിലാക്പൂര്‍ സ്വദേശി വിശാല്‍ മീണ(28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കിച്ചു ബെന്നിയെ കുണ്ടന്നൂരിലെ വാടകവീട്ടില്‍ നിന്നും വിശാല്‍ മീണയെ ഷൊര്‍ണൂരില്‍നിന്നുമാണ് എറണാകുളം നോര്‍ത്ത് പോലീസ് സിഐ പ്രതാപചന്ദ്രന്, എസ്ഐ മാരായ ടി.എസ്. രതീഷ്, ആഷിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കിച്ചുവിന്റെ കാമുകിയായ ഇടുക്കി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: യുവതിയും കിച്ചു ബെന്നിയും വിശാല്‍ മീണയും ശുചീകരണ തൊഴിലാളികളായി നേരത്തെ ഒരുമിച്ചു ജോലി നോക്കിയിരുന്നു. രാജസ്ഥാനിലെത്തി ആമയുടെ മുകളില്‍ പണംവച്ച് പ്രത്യേക പൂജ ചെയ്താല്‍ പണം ഇരട്ടിക്കുമെന്ന് ഇവർ യുവതിയെ വിശ്വസിപ്പിച്ചു. സ്വര്‍ണം വിറ്റശേഷം പണം ആമയുടെ പുറത്തുവച്ച് ഇരട്ടിയാക്കാമെന്നാണ് കിച്ചു ബെന്നി കാമുകിയോടു പറഞ്ഞത്. ഇതു പ്രകാരം പൂജ ചെയ്യുന്നതിന്റെ യൂട്യൂബ് വീഡിയോയും യുവതിയെ കാണിച്ചു. തുടർന്ന് യുവതിയുടെ കൈയില്‍നിന്ന് സ്വര്‍ണം വാങ്ങിയ ശേഷം ഇവർ രാജസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.
മട്ടാഞ്ചേരിയില്‍ വച്ചാണ് യുവതിയുടെ കൈയില്‍നിന്ന് സ്വര്ണാഭരങ്ങള് വാങ്ങിയത്. സ്വര്‍ണം നഷ്ടപ്പെട്ട യുവതി വഴിയരികില്‍നിന്ന് കരയുന്നതു കണ്ടയാളാണ് യുവതിയെ നോര്‍ത്ത് സ്റ്റേഷനിലെത്തിച്ച് പരാതി നല്‍കിയത്.
യുവതിയുടെ 23 പവന് തട്ടിയെടുത്ത കാമുകനും സുഹൃത്തും കുടുങ്ങി
12:37 AM Mar 22, 2023 | Deepika.com