കോലഞ്ചേരി: കോലഞ്ചേരി ടൗണിനെ പ്രകാശപൂരിതമാക്കി പി.വി.ശ്രീനിജിൻ എംഎൽഎയുടെ ദീപപ്രഭാ പദ്ധതി. ടൗണിലെ മുഴുവൻ തെരുവുവിളക്കുകളും മാറ്റി പുതിയത് സ്ഥാപിച്ചാണ് പദ്ധതി പ്രാവർത്തികമാക്കിയത്. ടൗണിലെ വടവുകോട് ബ്ലോക്ക് ഓഫീസ് ജംഗ്ഷൻ മുതൽ കിഴക്കേപമ്പ് ജംഗ്ഷൻ വരെയുള്ള റോഡിലും മെഡിക്കൽ കോളജ് റോഡിലും പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡിലും കോളജ് ഗ്രൗണ്ട് റോഡിലും പഴയ കെഎസ്ഇബി റോഡിലും ഇരുവശങ്ങളിലായാണ് പുതിയ വഴിവിളക്കുകൾ സ്ഥാപിച്ചത്.
ഇതിനായി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നു 6.98 ലക്ഷം രൂപ ചെലവിട്ട് 40 വാട്സിന്റെ 110 എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുകയായിരുന്നു. കെല്ലിനായിരുന്നു സാങ്കേതിക ചുമതല. ടൗണിന്റെ പല ഭാഗങ്ങളിലും വഴിവിളക്കുകൾ തെളിയാതായിട്ട് നാളുകളേറെയായിരുന്നു. ഇതുമൂലം സാമൂഹ്യവിരുദ്ധ ശല്യം വ്യാപകമാണെന്ന പരാതികളും ഉയർന്നിരുന്നു.
ഇവ മാറ്റി പുതിയത് സ്ഥാപിക്കണമെന്ന് പ്രദേശത്തെ വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു.ഇതേതുടർന്നാണ് എംഎൽഎയുടെ നേതൃത്വത്തിൽ പദ്ധതി തയാറാക്കി വഴിവിളക്കുകൾ സ്ഥാപിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം പി.വി.ശ്രീനിജിൻ എംഎൽഎ നിർവഹിച്ചു. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി.വർഗീസ് അധ്യക്ഷത വഹിച്ചു.
സംഗീത ഷൈൻ, ജിംസി മേരി വർഗീസ്, സി.കെ.വർഗീസ്, എം.എൻ. മോഹനൻ, എം.എൻ. അജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. വ്യാപാരി വ്യവസായി സമിതി, ഏകോപന സമിതി, കെഎച്ച്ആർഎ എന്നിവരും പങ്കെടുത്തു.
എംഎൽഎയുടെ ദീപപ്രഭാ പദ്ധതി
12:35 AM Mar 22, 2023 | Deepika.com