കോതമംഗലം: കുട്ടന്പുഴ, കീരംപാറ പഞ്ചായത്തുകളിൽ ബഫർ സോണ്‍ പരിധികളിൽ 1031 നിർമിതികൾ കണ്ടെത്തിയതായി മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. ബഫർ സോണിലെ നിർമിതികളെ സംബന്ധിച്ച് ആന്റണി ജോണ്‍ എംഎൽഎ ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ബഫർ സോണിലെ നിർമിതികളുടെ എണ്ണം കണ്ടെത്തുന്നതിനായി നിയമിച്ച വിദഗ്ധ സമിതി കുട്ടന്പുഴ, കീരംപാറ പഞ്ചായത്തുകളിൽ കണ്ടെത്തിയ നിർമിതികളുടെ കണക്ക് സംബന്ധിച്ചും എംഎൽഎ നിയമ സഭയിൽ ചോദ്യം ഉന്നയിച്ചു.
നിർമിതികളുടെ എണ്ണം കണ്ടെത്താനും വിവരങ്ങൾ ശേഖരിക്കാനും റിട്ടയേർഡ് ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ ചെയർമാനായ വിദഗ്ധ സമിതിയും സാങ്കേതിക വിദഗ്ധരുടെ സമിതിയും രൂപീകരിച്ചിട്ടുണ്ട്. വിദഗ്ധ സമിതി പൊതുജന പങ്കാളിത്തത്തോടെ ജനവാസ മേഖലകൾ സംബന്ധിച്ച ഭൗതീക സ്ഥല പരിശോധന പൂർത്തിയാക്കി കഴിഞ്ഞ ഒന്നിന് അന്തിമ റിപ്പോർട്ട് സർക്കാരിന് നൽകി.
അസറ്റ് മാപ്പർ എന്ന മൊബൈൽ ആപ്പ് മുഖേന നടത്തിയ ഫീൽഡ് വെരിഫിക്കേഷനിൽ 62,039 നിർമിതികളും ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയുള്ള സർവേയിൽ 49,374 നിർമിതികളുമാണ് കണ്ടെത്തിയിട്ടുള്ളത്.
ഇവ രണ്ടിലെയും വിവരങ്ങൾ പരിഗണിച്ചും ഇരട്ടിപ്പുകളുള്ള ഡാറ്റാ ഒഴിവാക്കിയും ലഭിച്ച അന്തിമ കണക്ക് പ്രകാരം സംസ്ഥാനത്തെ 24 സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിൽ 70,582 നിർമിതികൾ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പഞ്ചായത്തുകളും വനം വകുപ്പും സംയുക്തമായി പ്രവർത്തിച്ച് എടുത്ത കണക്കുകളാണ് വിദഗ്ധ സമിതി സർക്കാരിൽ നൽകിയിട്ടുള്ളത്.
കുട്ടന്പുഴ പഞ്ചായത്തിൽ 816 അപേക്ഷകൾ ലഭിച്ചതിൽ 658 എണ്ണമാണ് ഇക്കോ സെൻസിറ്റീവ് സോണ്‍ പരിധിയിൽ വരുന്നത്. അതിന്റെ ജിയോ ടാഗിംഗ് പൂർത്തീകരിച്ചിട്ടുണ്ട്. കീരംപാറ പഞ്ചായത്തിൽ 465 അപേക്ഷകൾ ലഭിച്ചതിൽ 373 എണ്ണവുമാണ് ഇക്കോ സെൻസിറ്റീവ് സോണ്‍ പരിധിയിലുള്ളത്. അതിന്റെയും ജിയോ ടാഗിംഗ് പൂർത്തീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ 1031 നിർമിതികളാണ് ഇക്കോ സെൻസിറ്റീവ് സോണ്‍ പരിധിയിൽ വിഗഗ്ധ സമിതി കണ്ടെത്തിയിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു.
കുട്ടന്പുഴ, കീരംപാറ പഞ്ചായത്തുകളിൽ 1031 നിർമിതികൾ
12:35 AM Mar 22, 2023 | Deepika.com