കടുത്തുരുത്തി: കുടിവെള്ളം കിട്ടാനില്ല. കല്ലറയിലെ ജനങ്ങള്‍ കടുത്തുരുത്തി വാട്ടര്‍ അഥോറിറ്റി ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായെത്തി. കല്ലറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ആഴ്ചകളായി കുടിവെള്ളം കിട്ടാതെ വന്നതോടെയാണ് സംഭവത്തില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ കടുത്തുരുത്തി ജല അഥോറിറ്റി ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തിയത്.
പല വാര്‍ഡുകളിലും കുടിവെള്ളം വന്നിട്ട് ആഴ്ചകള്‍ പിന്നിടുകയാണ്. പാടശേഖരത്തോടു ചേര്‍ന്ന് കിടക്കുന്ന താഴ്ന്നപ്രദേശങ്ങളിലെ ജനങ്ങളെല്ലാം കുടിവെള്ളം കിട്ടാത്തതിനാല്‍ ദുരിതമനുഭവിക്കുകയാണ്. കുടിവെള്ളം കിട്ടാക്കനിയായതോടെ വാഹനങ്ങളിലെത്തിക്കുന്ന വെള്ളം പണം കൊടുത്ത് വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. സാധാരണക്കാരായവര്‍ വള്ളങ്ങളിലും കാല്‍നടയായും കിലോമീറ്ററുകള്‍ യാത്ര ചെയ്താണ് കുടിവെള്ളം ശേഖരിക്കുന്നത്.
ജല അഥോറിറ്റി ഓഫീസില്‍ പരാതി പറഞ്ഞു മടുത്തതോടെയാണ് ഇന്നലെ രാവിലെ വീട്ടമ്മമാരടക്കമുള്ള നാട്ടുകാര്‍ പ്രതിഷേധ സമരവുമായി ജല അഥോറിറ്റിയുടെ കടുത്തുരുത്തി ഓഫീസിലെത്തിയത്.
കല്ലറ പഞ്ചായത്തംഗം അരവിന്ദ് ശങ്കര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്കി. തുടര്‍ന്ന് അരവിന്ദ് ശങ്കര്‍, ജല അഥോറിറ്റി അസിസ്റ്റന്റ് എന്‍ജിനിയര്‍ മഞ്ജു വേലായുധനും മറ്റു ഉദ്യോഗസ്ഥരുമായി കടുത്തുരുത്തി പോലീസിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി.
കല്ലറയിലേക്കുള്ള കുടിവെള്ള വിതരണ പൈപ്പുകളിലെ തകരാര്‍ പരിഹരിച്ച് ഇന്ന് വൈകുന്നേരത്തോടെ കുടിവെള്ളം എത്തിക്കാമെന്നു ജല അഥോറിറ്റി ഉദ്യോഗസ്ഥര്‍ സമ്മതിച്ചതോടെയാണ് പ്രതിഷേധ സമരം അവസാനിപ്പിച്ചത്.
കുടിവെള്ളം കിട്ടാനില്ല; കല്ലറയിലെ ജനങ്ങള്‍ പ്രതിഷേധവുമായി വാട്ടര്‍ അഥോറിറ്റി ഓഫീസില്‍
11:09 PM Mar 21, 2023 | Deepika.com