പാലാ: കോളജ് പഠനകാലഘട്ടത്തില്‍ തന്നെ ഐടി വ്യവസായത്തില്‍ മികവ് പുലര്‍ത്തുന്നതിന് ആവശ്യമായ അറിവും നൈപുണ്യവും വിദ്യാര്‍ഥികളില്‍ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ രാമപുരം മാര്‍ അഗസ്തീനോസ് കോളജില്‍ ജിടെക് മ്യൂലേണ്‍ കാമ്പസ് ചാപ്റ്റര്‍ ആരംഭിച്ചു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അവരുടെ അക്കാഡമിക് നിലവാരം ഉയര്‍ത്താനും ഐടി വ്യവസായത്തില്‍ വിജയിക്കാന്‍ ആവശ്യമായ വൈദഗ്ധ്യം നേടുന്നതിനും ഈ മേഖലയിലെ ഏറ്റവും പുതിയ ട്രെന്‍ഡുകളും മുന്നേറ്റങ്ങളും അറിയുന്നതിനും ഈ സംവിധാനം അവസരമൊരുക്കും. കോളജ് ഐക്യുഎസിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
കോളജ് മാനേജര്‍ റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ കാമ്പസ് ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബ് അധ്യക്ഷത വഹിച്ചു. കെ-ഡിസ്ക് കണ്‍സള്‍ട്ടന്റും ജിടെക് മ്യൂലേണ്‍ പ്രോഗ്രാം മാനേജരുമായ അക്ഷയ സീത രാജേഷ് അവതരണം നടത്തി. വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ സുനില്‍ കെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് വിഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
മാര്‍ ആഗസ്തീനോസ് കോളജില്‍ ജിടെക് മ്യൂലേണ്‍ കാമ്പസ് ചാപ്റ്റര്‍ ആരംഭിച്ചു
10:34 PM Mar 21, 2023 | Deepika.com