പാലാ: കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രോത്സവം 24നു കൊടിയേറി 31നു സമാപിക്കും. വിശേഷാല്‍ പൂജകള്‍, എഴുന്നള്ളത്തുകള്‍, പ്രശസ്ത കലാകാരന്മാര് പങ്കെടുക്കുന്ന കലാപരിപാടികള്‍ എന്നിവ ഉത്സവത്തിന്റെ ഭാഗമായി നടക്കും.
24നു രാവിലെ പത്തിനും 10.30നും മധ്യേ തന്ത്രി തിരുവല്ല പറമ്പൂരില്ലം ബ്രഹ്മശ്രീ നീലകണ്ഠന് നാരായണന് ഭട്ടതിരിപ്പാടിന്റെയും മേല്‍ശാന്തി പ്രേംകുമാര്‍ എസ്. പോറ്റിയുടെയും മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ്. 11 ന് ഓട്ടന്തുള്ളല്, 12ന് പ്രസാദഊട്ട്, വൈകുന്നേരം 7.30ന് പിന്നണിഗായിക ദുര്‍ഗാ വിശ്വനാഥ് നയിക്കുന്ന ഗാനമേള.
25നു വൈകുന്നേരം ഏഴിന് ക്ലാസിക്കല്‍ ഡാന്‍സ്, രാത്രി 9.30 മുതല്‍ മേജര്‍സെറ്റ് കഥകളി. 26നു വൈകുന്നേരം ഏഴിന് തിരുവാതിര, നൃത്തനൃത്യങ്ങള്‍, ഒന്‍പതിന് പാലാ കമ്യൂണിക്കേഷന്റെ നാടകം - അകംപുറം. 27നു രാവിലെ പത്തിന് ഓട്ടന്തുള്ളല്, വൈകുന്നേരം ഏഴിന് പാലക്കാട് ലക്ഷ്മണ പുലവര്‍ സംഘം അവതരിപ്പിക്കുന്ന തോല്പാവക്കൂത്ത്, രാത്രി ഒന്‍പതിന് പൊന്‍കുന്നം രാമചന്ദ്രന്റെ സംഗീതസദസ്. 28നു വൈകുന്നേരം 6.30നു ദേശവിളക്ക് എഴുന്നള്ളത്ത്, 6.45ന് ചാക്യാര്‍കൂത്ത്, 7.30ന് കോട്ടയം രാഗതരംഗിണിയുടെ ഭക്തിഗാനമേള. 29നു 11ന് ഓട്ടന്തുള്ളല്, രാത്രി 7.30ന് കൊച്ചിന് തരംഗിണിയുടെ ഭക്തിഗാനമേള. 30നു വൈകുന്നേരം 5.30ന് മേജര്‍സെറ്റ് പഞ്ചാരിമേളം, പഞ്ചവാദ്യം, രാത്രി 7.30ന് ഭരതനാട്യം, മേജര്‍സെറ്റ് പാണ്ടിമേളം. 31നു 10.30നു സംഗീതസദസ്, 12.30ന് ഓട്ടന്തുള്ളല്, 12ന് ആറാട്ടുസദ്യ, രാത്രി എട്ടിന് സ്പെഷല്‍ പഞ്ചവാദ്യം, പാണ്ടിമേളം, 1.30ന് ചലച്ചിത്രതാരം ശാലു മേനോന് അവതരിപ്പിക്കുന്ന നാട്യസംഗീതശില്പം - ത്രിശൂലശങ്കരി.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് സി.പി. ചന്ദ്രന്‍നായര്‍, സെക്രട്ടറി എസ്.ഡി. സുരേന്ദ്രന് നായര്‍, ട്രഷറർ സാജന് ജി. ഇടച്ചേരി, വി.എസ്. വേണുഗോപാല്‍ വണ്ടാനത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
കടപ്പാട്ടൂര്‍ ഉത്സവത്തിന് 24നു കൊടിയേറും
10:33 PM Mar 21, 2023 | Deepika.com