മുണ്ടക്കയം: പഞ്ചായത്തിലെ വണ്ടൻപതാൽ മൂന്നുസെന്റ് ഭാഗത്ത് മോഷ്ടാക്കൾ വിഹരിക്കുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ നിരവധി പേരുടെ മോട്ടോർ പമ്പുസെറ്റുകളാണ് തസ്കരന്മാർ അപഹരിച്ചത്. ഏറ്റവും ഒടുവിൽ വണ്ടൻപതാൽ മൂന്നുസെന്റിൽ പുളിമാക്കൽ ബി.ജി. സജിയുടെ വീട്ടിലെ രണ്ടു മോട്ടോർ പമ്പുകളാണ് മോഷണം പോയത്. ഏതാനും മാസങ്ങളായി സജി മുരുക്കുംവയലിലുള്ള മറ്റൊരു വീട്ടിലാണ് താമസം.
തിങ്കളാഴ്ച രാവിലെ മൂന്നുസെന്റിലുള്ള വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിനോട് ചേർന്നുള്ള കിണറിന്റെ സമീപം വച്ചിരുന്ന രണ്ടു മോട്ടോറുകളാണ് മോഷ്ടാക്കൾ അപഹരിച്ചത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് സമീപത്തെ മറ്റു രണ്ടു വീടുകളിലെയും മോട്ടോറുകളും കവർന്നിരുന്നു.
വേനൽ കടുത്ത് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മോട്ടോർ നഷ്ടമാകുമ്പോൾ പോലീസിൽ പരാതിയുമായി പോകാതെ പുതിയതു വാങ്ങി വയ്ക്കുകയാണ് പലരും ചെയ്യുന്നത്. ഇതു മുതലാക്കി കള്ളന്മാർ വീണ്ടും മോഷണം തുടരുകയാണ് പതിവ്. മേഖലയിൽ സാമൂഹ്യവിരുദ്ധശല്യവും രൂക്ഷമാകുന്നതായി ആക്ഷേപമുണ്ട്.
മേഖലയിൽ രാത്രികാലങ്ങളിൽ പോലീസിന്റെ പരിശോധന കർശനമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
രണ്ടു മാസത്തിനിടെ അഞ്ച് മോട്ടോർ പമ്പുസെറ്റുകൾ മോഷ്ടിച്ചു
10:33 PM Mar 21, 2023 | Deepika.com