ഒടയംചാല്‍: കുന്നുംവയലില്‍ കനത്ത മഴയ്ക്കിടെ ഗതിമാറിയൊഴുകി വ്യാപക നാശം വിതച്ച തോട് ഇനിയും പൂര്‍വസ്ഥിതിയിലാക്കിയില്ല. ഇതേ നില തുടര്‍ന്നാല്‍ വരുന്ന മഴക്കാലത്തും തോട് ഇതുവഴി തന്നെയാകും ഒഴുകുക. കഴിഞ്ഞവര്‍ഷം ജൂലൈ മാസത്തിലാണ് തോട് വഴിമാറിയൊഴുകി നാശനഷ്ടങ്ങള്‍ വിതച്ചത്. തോട്ടിനുള്ളില്‍ മണ്ണിടിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ട് മലവെള്ളം അതിലേക്കിറങ്ങി അഞ്ചു മീറ്ററോളം അകലെയുള്ള കമുകിന്‍തോട്ടത്തില്‍ പൊങ്ങുകയായിരുന്നു. തുടര്‍ന്ന് ഒരു കിലോമീറ്ററോളം ദൂരം കമുകിന്തോട്ടത്തിലൂടെയും നെല്വയലിലൂടെയും ഒഴുകി ഏക്കറുകണക്കിന് കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലാക്കുകയും ചെയ്തു. ദിവസങ്ങളോളം വെള്ളം കെട്ടിനിന്നതിനാല്‍ കമുകുകള്‍ പലതും നശിച്ചു. ചരല്‍മണ്ണും ചെളിയും നിറഞ്ഞ പാടങ്ങളില്‍ തുടര്‍ന്ന് കൃഷിചെയ്യാനും ബുദ്ധിമുട്ടായി.
സംഭവം നടന്നയുടന്‍ സ്ഥലത്തെത്തിയ പഞ്ചായത്ത്, റവന്യൂ അധികൃതര്‍ തോടിന്റെ ഒഴുക്ക് പൂര്‍വസ്ഥിതിയിലാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ലോഡ് കണക്കിന് ചെങ്കല്ലും മണ്ണുമിറക്കി ജെസിബി ഉപയോഗിച്ച് ദിവസങ്ങളോളം പണിയെടുത്തതിനു ശേഷമാണ് വെള്ളത്തിന്റെ ഒഴുക്ക് അല്പമെങ്കിലും തിരിച്ചുവിടാന്‍ കഴിഞ്ഞത്. എന്നാല്‍ മഴക്കാലം കഴിഞ്ഞതോടെ അധികൃതരൊന്നും ഇങ്ങോട്ട് തിരിഞ്ഞുനോക്കാതായി. തോട് ഇപ്പോള്‍ വറ്റിവരളുകയും ചെയ്തു.
2019 ല്‍ ഇതിനു സമീപം തന്നെ റോഡില്‍ വിള്ളല്‍ വീണ് വശങ്ങള് ഇടിഞ്ഞു താഴ്ന്നിരുന്നു. ഇങ്ങനെ ഇടയ്ക്കിടെ ഭൂമിയില്‍ വിള്ളല്‍ വീഴുകയും മണ്ണിടിച്ചിലുണ്ടാവുകയും ചെയ്യുന്ന സാഹചര്യം ഭൂമിശാസ്ത്ര വിദഗ്ധരെ കൊണ്ടുവന്ന് പരിശോധിച്ച് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മണ്ണിടിഞ്ഞ ഭാഗത്തെ റോഡിനും തോടിനും കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തി നിര്‍മിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. റോഡിന് പാര്‍ശ്വഭിത്തി നിര്‍മിക്കാന്‍ നേരത്തേ 50 ലക്ഷം രൂപ അനുവദിച്ച് കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കരാറുകാരന് പിന്മാറിയ നിലയിലാണ്. വശങ്ങള് ഇടിഞ്ഞതോടെ ചെറുവാഹനങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഇതുവഴി കടന്നുപോകാനാകുന്നത്. പാറക്കല്ല്, കോളിയാര്‍, പാല്‍ക്കുളം, വെള്ളമുണ്ട ഭാഗങ്ങളില്‍ നിന്നും ഒടയംചാലിലേക്ക് എത്തിച്ചേരാനുള്ള എളുപ്പമാര്‍ഗമാണ് കുന്നുംവയല്‍ റോഡ്.
കരാറുകാരന് പിന്മാറിയ സാഹചര്യത്തില്‍ പുതിയ അടങ്കല്‍ തയാറാക്കി സമര്‍പ്പിച്ചിട്ടുണ്ടെന്നും എത്രയും വേഗം അനുമതി ലഭ്യമാക്കി പ്രവൃത്തി തുടങ്ങാനാണ് ശ്രമിക്കുന്നതെന്നുമാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എന്നാല്‍ തോടിന്റെ കാര്യത്തില്‍ ഇപ്പോഴും ഒന്നുമായിട്ടില്ല. എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ ഇപ്പോള്‍ വേനല്‍ക്കാലത്താണ് ചെയ്യേണ്ടത്. അല്ലാത്തപക്ഷം ഈ വര്‍ഷവും തോട് വഴിമാറിയൊഴുകി വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തുകയാകും ഫലം.
കുന്നുംവയലില്‍ ഗതിമാറിയൊഴുകിയ തോട് ഇനിയും പൂര്‍വസ്ഥിതിയിലാക്കിയില്ല
12:51 AM Mar 21, 2023 | Deepika.com