ആർച്ച്ബിഷപ്പിന്റെ ശബ്ദം കർഷകന്റേത്: എകെസിസി
12:47 AM Mar 21, 2023 | Deepika.com
തലശേരി: ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് അദ്ദേഹത്തെ അവഹേളിക്കാൻ ശ്രമിച്ചാൽ അതിനെ എന്തു വിലകൊടുത്തും എതിർക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ടോണി ജോസഫ് പുഞ്ചക്കുന്നേൽ പ്രസ്താവനയിൽ അറിയിച്ചു. കർഷകരെ സഹായിക്കാൻ വോട്ടു ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനവും ആത്മാർഥമായി മുന്നോട്ടു വരാത്തതിൽ മനംനൊന്താണ് 300 രൂപ റബറിന് വില തന്നാൽ കേന്ദ്രം ഇപ്പോൾ ഭരിക്കുന്നത് ബിജെപി ആയതിനാൽ ബിജെപിക്ക് വോട്ട് ചെയ്യുവാൻ കർഷകർ തയാറാകും എന്ന് പറഞ്ഞത്. റബറിന് 300 രൂപ വിലസ്ഥിരത ഫണ്ട് ഏർപ്പെടുത്തി പണം ഉടൻ അനുവദിക്കുക, റബറിന്റെ ഇറക്കുമതി നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഭീമ ഹർജി പ്രധാനമന്ത്രിക്കും കേന്ദ്ര വാണിജ്യ മന്ത്രിക്കും, മുഖ്യമന്ത്രിക്കും സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.