മൂവാറ്റുപുഴ: കുഞ്ഞുമൈതീൻ കട തുറക്കുന്നതും കാത്തിരിക്കുകയാണ് ഒരു കൂട്ടം പ്രാവുകൾ. അദ്ദേഹം കട തുറക്കുന്ന സമയത്ത് കൂട്ടമായെത്തുന്ന പ്രാവുകളെ കണ്ടാൽ ആരും നോക്കിനിന്നു പോകും.
മുളവൂർ പിഒ ജംഗ്ഷനിൽ പലചരക്ക് കട നടത്തുന്ന പാറപ്പാട്ട് കുഞ്ഞുമൈതീൻ തന്റെ പലചരക്ക് കടയിൽ നിന്നും ഗോതന്പും അരിയും വാരി വിതറുന്പോൾ കൂട്ടമായെത്തുന്ന പ്രാവുകൾ ധാന്യങ്ങൾ കൊത്തിപ്പെറുക്കുന്നത് ഏതൊരാളുടെയും മനസിൽ കുളിർമയേകും.
ദിവസവും രാവിലെ മുളവൂർ പിഒ ജംഗ്ഷനിലെ കൗതുകക്കാഴ്ചയാണിത്. അന്നദാതാവ് എത്തുന്ന സമയം അവയ്ക്കറിയാം. രാവിലെ ആറിന് കുഞ്ഞുമൈതീൻ തന്റെ കട തുറക്കുന്നതുവരെ പ്രാവുകൾ സമീപത്തെ വൈദ്യുത പോസ്റ്റിലും കെട്ടിടത്തിന്റെ മുകളിലുമെല്ലാം ഇരിപ്പാകും. കടതുറക്കുന്നതോടെ ഇവ കൂട്ടത്തോടെയെത്തി കുഞ്ഞുമൈതീന്റെ ചുറ്റുംകൂടും. ആദ്യകാലങ്ങളിൽ പ്രാവുകളുടെ എണ്ണം കുറവായിരുന്നു.
പിന്നീട് ഭക്ഷണ വിതരണം പതിവാക്കിയതോടെ തീറ്റ തേടി എത്തുന്ന പ്രാവുകളുടെ എണ്ണവും വർധിച്ചു. ദിവസേന പ്രാവുകൾക്ക് തീറ്റ നൽകുന്നതിന് നല്ലൊരു തുക ചെലവാകുമെങ്കിലും മിണ്ടാപ്രാണികൾക്കുള്ള അന്നദാനത്തിനു മഹത്വം കൂടുമെന്ന വിശ്വാസത്തോടെ കുഞ്ഞുമൈതീൻ ദിവസവും പ്രാവുകൾക്ക് ഭക്ഷണം കൊടുക്കുന്ന പ്രക്രിയ തുടരുകയാണ്.
പ്രാവുകളുടെ അന്നദാതാവായി കുഞ്ഞുമൈതീൻ
12:12 AM Mar 21, 2023 | Deepika.com