കോലഞ്ചേരി: ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ച റോഡിലൂടെ നിയന്ത്രണങ്ങളൊന്നും വകവയ്ക്കാതെ ടോറസ് ലോറികൾ ചീറിപ്പായുന്നു. പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ നടപടിക്കെതിരേ അധികൃതർക്ക് അനങ്ങാപ്പാറ നയമാണെന്ന് പരിസരവാസികൾ. പൈപ്പിടീൽ ജോലിക്കായി മാസങ്ങളായി പൊളിച്ചിട്ടിരിക്കുന്ന ചൂണ്ടി-രാമമംഗലം റോഡിലൂടെയാണ് നിയന്ത്രണം വകവയ്ക്കാതെ ടോറസുകൾ ചീറിപ്പായുന്നത്.
ഇരുചക്ര വാഹനം പോലും വളരെ ബുദ്ധിമുട്ടി കടന്നു പോകുന്ന പൊടിയും ചെളിയും കുഴിയുമായി പൊളിഞ്ഞു കിടക്കുന്ന റോഡിലൂടെയാണ് മണ്ണ് ലോറികൾ പായുന്നത്.
പുളിച്ചോട് കുരിശിനടുത്തുള്ള മല ഘനനം ചെയ്തുള്ള മണ്ണുമായിട്ടാണ് ലോറികൾ ഇതിലേ വരിവരിയായി പോകുന്നത്. ഗതാഗതം നിരോധിച്ചതു മൂലം ബസുകളും മറ്റ് സ്വകാര്യ വാഹനങ്ങളും മാസങ്ങളായി വഴി മാറി സഞ്ചരിക്കുമ്പോഴാണ് യാതൊരു നിയന്ത്രണവുമില്ലാതെ അമിത ലോഡുമായി ടോറസ് ലോറികൾ ഈ റോഡ് കൈയടക്കിയിരിക്കുന്നത്.
പൊളിച്ചിട്ടിരിക്കുന്ന ചൂണ്ടി - രാമമംഗലം റോഡിൽ ഭാരവാഹനങ്ങൾ യാത്ര ചെയ്യുന്നത് മൂലം പല സ്ഥലത്തും നിലവിൽ കുടിവെള്ളം കൊണ്ടുപോകുന്ന വലിയ പൈപ്പുകളുടെ കോളറുകൾ പൊട്ടിയിരിക്കുകയാണ്.
ആഴ്ചകളെടുത്താണ് ഇവ നന്നാക്കുന്നതും. വ്യാപാരസ്ഥാപനങ്ങളും റോഡരികിൽ സ്ഥിതി ചെയ്യുന്ന വീടുകളും പൊടിയിൽ കുളിച്ച അവസ്ഥയാണ്. ഇതൊന്നും നിയന്ത്രിക്കാൻ ഒരു വകുപ്പിന്റെയും ഉദ്യോഗസ്ഥരും പണി നടക്കുന്ന സ്ഥലങ്ങളിലില്ല എന്നതാണ് മറ്റൊരു വിരോധാഭാസം.
ചൂണ്ടി-രാമമംഗലം റോഡ് പൊളിച്ചിട്ടിരിക്കുന്ന ഭാഗം മുഴുവൻ പൂതൃക്ക പഞ്ചായത്തിന്റെ അധീനതയിലുള്ളതാണ്. ജനങ്ങളുടെ കൂടെ നിൽക്കേണ്ട ഉത്തരവാദിത്വപ്പെട്ട പഞ്ചായത്ത് മെമ്പർമാരിൽ പലരും വിഷയത്തിൽ പ്രതികരിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. പണി നടക്കുന്ന സ്ഥലങ്ങൾ നാഥനില്ലാക്കളരിയാണ്.
ജനകീയ കൂട്ടായ്മ രൂപീകരിച്ച് പ്രധിഷേധം ശക്തമാക്കുമെന്ന് നാട്ടുകാർ പറയുന്നു.
ടോറസുകൾ ചീറിപ്പായുന്നു; കണ്ണടച്ച് അധികൃതർ
12:12 AM Mar 21, 2023 | Deepika.com