കൊച്ചി: ഗ്രാമീണ ഭവനങ്ങളില്‍ കുടിവെള്ളമെത്തിക്കുന്ന ജല്‍ ജീവന് മിഷന് പദ്ധതി ജില്ലയില്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് നിര്‍ദേശം നല്കി. ഡിസ്ട്രിക്ട് വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ മിഷന് അവലോകന യോഗത്തിലാണ് കളക്ടറുടെ നിര്‍ദേശം.
ജല്‍ജീവന്‍ മിഷന്റെ കീഴില്‍ പൈപ്പ്ലൈന് കണക്ഷന് നല്‍കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ്, വനം, റെയില്‍വേ തുടങ്ങിയ വകുപ്പുകളുമായുള്ള തടസങ്ങള്‍ നീക്കാന്‍ നടപടി സ്വീകരിക്കും. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അനുമതി ലഭ്യമാകുന്നതിന് ദേശീയപാത അഥോറിറ്റിയുടെ യോഗം ചേരും. ജല്‍ ജീവന് മിഷന് പദ്ധതി നടത്തിപ്പിനാവശ്യമായ അധിക തുക പുനക്രമീകരണം വഴി ലഭ്യമാക്കാന്‍ യോഗം തീരുമാനിച്ചു.
ഇതിനായി പ്രോജക്ട് ഡിവിഷന് പെരുമ്പാവൂരില്‍ നിന്ന് 20 കോടിയും പിഎച്ച് ഡിവിഷന് കൊച്ചി 16ല്‍ നിന്ന് 30 ലക്ഷം രൂപയും പ്രോജക്ട് ഡിവിഷന് കൊച്ചിയില്‍ നിന്ന് 22.49 ലക്ഷം രൂപയും ഉള്‍പ്പെടെ 42.79 കോടി രൂപയാണ് അധികമായി ലഭ്യമാക്കുക. പദ്ധതി നടത്തിപ്പിനാവശ്യമായ എല്ലാ പിന്തുണയും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകും.
ജില്ലയില്‍ 82 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ജല്‍ ജീവന് മിഷനു വേണ്ടിയുള്ള റോഡ് കട്ടിംഗിന് അനുമതി ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തും- കളക്ടര്‍ പറഞ്ഞു.
ജല്‍ജീവന്‍ മിഷന് പദ്ധതി വേഗത്തിലാക്കണം: കളക്ടർ
12:09 AM Mar 21, 2023 | Deepika.com