കൊച്ചി: ബ്രഹ്മപുരം വിഷയത്തില്‍ ഉപരോധ സമരം ഉദ്ഘാടനം ചെയ്തതിന്റെ പേരില്‍ കലാപ ശ്രമത്തിന് കേസെടുത്ത് കെ. സുധാകരനെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.
സുധാകരനെതിരായ കള്ളക്കേസ് കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടും. കൊച്ചിയിലെ പോലീസ് ഇത്രയും അധഃപതിക്കാന്‍ പാടില്ല. സിപിഎം നേതാക്കളുടെ കല്പ്പനകള്ക്ക് മുന്നില്‍ മുട്ടിലിഴഞ്ഞ് പോലീസ് പരിഹാസ്യരാകരുത്.
കേസെടുത്താല്‍ ബോധം പോകുന്നവരല്ല കോണ്‍ഗ്രസ് നേതാക്കളെന്ന് പോലീസ് മനസിലാക്കണം. പോലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ വിരോധം തീര്‍ക്കുന്നത് അല്പത്തരമാണെന്നും ഷിയാസ് പറഞ്ഞു.
സിപിഎം നേതാക്കള്‍ക്കെതിരെ കലാപശ്രമത്തിന് കേസെടുക്കേണ്ട ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ പോലീസ് മൗനം പാലിച്ചത് ജനം കാണുന്നുണ്ട്. മുഖ്യമന്ത്രിയില്‍ നിന്ന് കുറച്ചുകൂടി മാന്യത പ്രതീക്ഷിക്കുന്നതായും ഷിയാസ് പറഞ്ഞു.
കേസെടുത്ത് പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് മുഹമ്മദ് ഷിയാസ്
12:09 AM Mar 21, 2023 | Deepika.com