സ്മരണാഞ്ജലിയർപ്പിക്കാന്‍ വിശ്വാസി സാഗരം ഇന്നെത്തും
10:36 PM Mar 20, 2023 | Deepika.com
ചങ്ങനാശേരി: കാലംചെയ്ത മാര്‍ ജോസഫ് പവ്വത്തിന് അനുശോചന പ്രവാഹം. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍നിന്നും ഇന്നു രാവിലെ ആറിന് മാര്‍ പവ്വത്തിലിന്റെ ഭൗതികശരീരം അലംകൃത വാഹനത്തില്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്സ് ഹൗസിലെത്തിക്കും. തുടര്‍ന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ അനുസ്മരണ ബലിയും പ്രാര്‍ഥനയും നടക്കും. ഇവിടെ 8.45 വരെ പൊതുദര്‍ശനം ഉണ്ടാകും. 9.30ന് ഭൗതികശരീരം വിലാപയാത്രയായി ചങ്ങനാശേരിയുടെ നഗരവീഥികളിലൂടെ സെന്‍ട്രല്‍ ജംഗ്ഷന്‍വഴി മാര്‍ക്കറ്റ് ചുറ്റി 11ന് മെത്രാപ്പോലീത്തന്‍പള്ളിയില്‍ എത്തിച്ച് പൊതുദര്‍ശനത്തിനായി വയ്ക്കും. അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നുള്ള വിശ്വാസികളും ജാതിമത ഭേദമെന്യേയുള്ള ആളുകളും ഉള്‍പ്പെടെ ആയിരങ്ങള്‍ വിലാപയാത്രയില്‍ അണിചേരും. ഇന്ന് പകലും രാത്രിയും നാളെ രാവിലെ ഒമ്പതുവരെയും മെത്രാപ്പോലീത്തന്‍പള്ളിയില്‍ പൊതുദര്‍ശനത്തിന് അവസരമുണ്ടാകും.