ആറളം: കാട്ടാനക്കലിയിൽ നിന്ന് ജീവൻ രക്ഷിക്കാൻ എങ്ങോട്ടെങ്കിലും മാറിയാലോ എന്ന് ചിന്തിക്കുന്പോഴും പോകാനൊരിടമില്ലാത്തതിൽ ജീവൻ പണയം വെച്ച് ഇവിടെ തന്നെ കഴിയാൻ നിർബന്ധിതരായിരിക്കുകയാണ് പുനരധിവാസ മേഖലയിലുള്ളവർ. കാട്ടാന ഉൾപ്പടെയുള്ള വന്യമൃഗഭീഷണി കാരണം പകൽ പോലും വീട്ടിൽ നിന്നിറങ്ങാനോ ജോലിക്കു പോകാനോ ഇവിടുത്തുകാർക്ക് കഴിയുന്നില്ല. സ്വന്തം കൃഷിയിടങ്ങളിലേക്ക് പോകാൻ പോലും കഴിയാതെ വീടിനുള്ളിൽ ഭയന്നു കഴിയേണ്ട ഗതികേടാണ് ഇവിടുത്തുകാർ അനുഭവിക്കുന്നത്. ബ്ലോക്ക് പത്തിൽ മാത്രം എണ്ണൂറോളം കുടുംബങ്ങളാണ് ഇത്തരത്തിൽ മരണത്തെ മുഖാമുഖം കണ്ട് കഴിയുന്നത്. ദാമു എന്നയാളെ കാട്ടാന കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്പോഴാണ് വീണ്ടും കാട്ടാനക്കലിയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞത്. കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ ഫലപ്രദമായി ഫാം ഭൂമിയിൽ നിന്ന് തുരത്താൻ അധികൃതർക്ക് കഴിയുന്നില്ല.വന്യമൃഗങ്ങളാൽ ഇതിനകം പതിനഞ്ച് ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്.
ബ്ലോക്ക് ഏഴിലെ വയനാടൻ മേഖലയിലെ സ്ഥലങ്ങൾ കാടുകയറി വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ്. ഏകദേശം അറുപതിലധികം കാട്ടാനകൾ ആറളം ഫാം മേഖലയിൽ തനനെ തന്പടിച്ചതായാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. പുനരധിവാസ മേഖലയിലെ കാടുകൾ വെട്ടിത്തെളിയിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങിയിട്ടുണ്ടെങ്കിലും കാടുവെട്ടിത്തെളിയിക്കലും വന്യമൃഗങ്ങളെ തുരത്തുന്നതിലും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും നടപടികളുണ്ടാവുന്നില്ലെന്നും ഇവിടുത്തുകാർ പറയുന്നു.
പുനരധിവാസ മേഖലയിൽ റെയിൽ പാളങ്ങളുപയോഗിച്ചുള്ള ഇരുന്പ് വേലികൾ വിജയമായിരുന്നെങ്കിലും വനം വകുപ്പ് ഇതിനെതിരേ കോടതിയെ സമീപിച്ചതോടെ ഈ വേലി നിർമാണം പാതിയിൽ നിലയക്കുകയായിരുന്നുവെന്നും താമസക്കാർ പറഞ്ഞു. വകുപ്പുകൾ തമ്മിലുള്ള അധികാര പോരിൽ മനുഷ്യജീവൻ പൊലിയുന്നത് ബന്ധപ്പെട്ടവരാരും കാണുന്നില്ലെന്നും ഹതഭാഗ്യരായ താമസക്കാർ പറയുന്നു.
ആറളത്ത് ഇന്ന് ഹർത്താൽ
ആറളം: ആറളം ഫാമിൽ കാട്ടാനയാക്രണത്തിൽ യുവാവ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ആറളം പഞ്ചായത്തിൽ ഇന്ന് യുഡിഎഫ്, എൽഡിഎഫ്, ബിജെപി സംഘടനകൾ ഹർത്താൽ ആചരിക്കും. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. പരീക്ഷകൾ നടക്കുന്ന സമയമായതിനാൽ അത്യാവശ്യ വാഹനങ്ങളെ ഹർത്താലിൽ നിന്നൊഴിവാക്കിയതായി യുഡിഎഫ് നേതൃത്വം അറിയിച്ചു.വാഹനങ്ങളെയും ഹോട്ടലുകളെയും ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലിനൊപ്പം ബിജെപി പേരാവൂർ മണ്ഡലത്തിൽ കരിദിനവും ആചരിക്കും.
കാട്ടാനക്കലിയിൽ വിറങ്ങലിച്ച് ആറളം
01:04 AM Mar 20, 2023 | Deepika.com